മുട്ടം: കുടിവെള്ളം കിട്ടുന്നില്ല എന്ന് മന്ത്രിയുടെ ഓഫീസിൽ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു; കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. മുട്ടം പഞ്ചായത്തിൽ ഒന്നാം വാർഡിൽ കോടതി ഭാഗത്തെ താമസക്കാരനായ വെട്ടുകല്ലുംകുഴിയിൽ അരുൺ സോമനാണ് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ തിരുവനന്തപുരം ഓഫീസിൽ ഫോണിലൂടെ പരാതി അറിയിച്ചത്. മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ് കോൺടാക്ട് ചെയ്യാനുള്ള ഫോൺ നമ്പർ വാങ്ങുകയും ചെയ്തെങ്കിലും അതെല്ലാം സാധാരണ എല്ലാവരും ചെയ്യാറുള്ള നടപടികൾ മാത്രമായിട്ടാണ് അരുൺ കരുതിയത്. ഏതാനും മിനിറ്റുകൾക്കകം വാട്ടർ അതോറിറ്റി എം ഡി യുടെ തിരുവനന്തപുരം ഓഫീസിൽ നിന്നും ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ഫോണിൽ വിളിച്ച് തിരക്കിയെങ്കിലും അതും പതിവ് സർക്കാർ നടപടികൾ ആയിട്ടാണ് അരുൺ കരുതിയത്. എന്നാൽ അരുണിലെ ഞെട്ടിച്ച് കൊണ്ടാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം രാവിലെ മുതൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം അരുണിനും പ്രദേശവാസികളായ കുടുംബക്കാർക്കും ലഭിച്ച് തുടങ്ങിയത്. കഴിഞ്ഞ ഡിസംബർ മുതൽ കുടിവെള്ളം പ്രദേശവാസികൾക്ക് പതിവായി ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് വിവിധ തലങ്ങളിലുള്ള അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ആയില്ല. ഓരോ ആഴ്‌ച്ചയിലും 500 മുതൽ 1000 രൂപ വരെ മുടക്കി സ്വകാര്യ ഏജൻസികളിൽ നിന്ന് കുടിവെള്ളം വാങ്ങിയിട്ടാണ് പ്രദേശവാസികൾകഴിച്ച് കൂട്ടിയിരുന്നത്. മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് വാട്ടർ അതോറിറ്റി - പഞ്ചായത്ത്‌ അധികൃതർ നടത്തിയ പരിശോധനയിൽ പമ്പിങ്ങ് നടത്തിയതിനെ തുടർന്ന് രണ്ട് ദിവസം മാത്രം പ്രദേശത്തേക്ക് കുടിവെള്ളം ലഭിച്ചെങ്കിലും പിന്നീട് നിലച്ചു. കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ചുള്ള വിവരം അറിഞ്ഞ ഉടൻ അടിയന്തര നടപടികൾ സ്വീകരിച്ച മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരോട് നന്ദി അറിയിക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.