തൊടുപുഴ: മലങ്കര ടൂറിസം പദ്ധതിയുടെ സാദ്ധ്യതകൾ വിപുലീകരിക്കുന്നതിന് ടൂറിസം വകുപ്പുമായി യോജിച്ച് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇതിന്റെ ഭാഗമായി മലങ്കര ടൂറിസം ഹബ്ബിൽ അധികൃതരുടെ യോഗം അടിയന്തിരമായി ചേർക്കും. ടൂറിസം ഹബ്ബിനോട്‌ അനുബന്ധിച്ച് ജലാശയത്തിലെ ആഴം കുറഞ്ഞ ഭാഗത്ത് കുട്ട വഞ്ചി പദ്ധതി നടപ്പിലാക്കുക, ബോട്ട് ജെട്ടി - മാത്തപ്പാറ - ശങ്കരപ്പള്ളി - കുടയത്തൂർ ഭാഗങ്ങളെ ബന്ധിപ്പിച്ച് വെള്ളം മലിനമാകാത്ത ബോട്ട് സർവീസ് ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുട്ടം വികസന സമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ പാർക്ക്, വെള്ളം കെട്ടിക്കിടക്കുന്നതിന്റെ ചുറ്റിലുമുള്ള പ്രകൃതി മനോഹരമായ കാഴ്ച്ച, അണക്കെട്ട് സന്ദർശനം എന്നിങ്ങനെ നാമമാത്രമായ സൗകര്യങ്ങളോടെ 2019 നവംബർ 2 നാണ് മലങ്കര ടൂറിസം ഹബ്ബ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമാകുമ്പോഴും പ്രഖ്യാപിക്കപെട്ട പദ്ധതികൾ ഒന്നും പിന്നീട് ഹബ്ബിലേക്ക് എത്തിയതുമില്ല. സൗകര്യങ്ങളുടെ അപര്യാപ്തതയിലും സഞ്ചാരികളുടെ വരവ് കൂടിവരുകയാണ്.ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിലും ഹബ്ബിലേക്ക് ജനങ്ങൾ കുടുംബ സമേതം കൂട്ടമായി എത്തുന്നുണ്ട്. കുട്ട വഞ്ചി പദ്ധതി, വെള്ളം മലിനമാകാത്ത ബോട്ട് സർവീസ് എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കാൻ സാധിച്ചാൽ മലങ്കര ടൂറിസം ഹബ്ബ് സംസ്ഥാന ടൂറിസം ചരിത്രത്തിൽ ഇടം പിടിക്കാനുള്ള സാധ്യതയും ഏറെയാണ്. കേരള കോൺഗ്രസ് (എം) നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, റെജി കുന്നംകോട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് ഈറ്റക്കകുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് മുട്ടം വികസന സമിതി അംഗങ്ങൾ മന്ത്രിക്ക് നിവേദനം നൽകിയത്.