തൊടുപുഴ: അമ്പത് വർഷത്തിലേറെയായി വീൽചെയറിലിരുന്ന് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ച് കാൻസർ രോഗികളെ ശുശ്രൂഷിക്കുന്ന മുംബെയ് സ്വദേശിയായ ലോക പ്രശസ്ത അർബുദ ചികിത്സാ വിദഗ്ദ്ധൻ പത്മഭൂഷൻ ഡോ. സുരേഷ് അദ്വാനി പിന്നാക്ക ജില്ലയായ ഇടുക്കിയിലെ ചെറുപട്ടണമായ തൊടുപുഴയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിച്ചതിന് പിന്നിലെ കഥ പലർക്കുമറിയില്ല.
ഇന്ത്യയിൽ ആദ്യമായി ബോൺമാരോ ട്രാൻസ്‌പ്ലാന്റേഷൻ വിജയകരമായി ചെയ്ത ഓങ്കോളജിസ്റ്റായ അദ്വാനി എട്ടാം വയസിൽ പോളിയോ വന്ന് അരയ്ക്ക് താഴെ തളർന്നുപോയ വ്യക്തിയാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അസാദ്ധ്യമെന്ന് എല്ലാവരും കരുതിയ എം.ബി.ബി.എസും എം.ഡിയും അദ്വാനി തന്റെ നിശ്ചയദാർഢ്യമൊന്നുകൊണ്ട് മാത്രമാണ് നേടിയത്. 1979ൽ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അവിടെ നഴ്സായ തൊടുപുഴ കോടിക്കുളം സ്വദേശി ഗീതയെ പരിചയപ്പെടുന്നത്. ഗീതയുടെ ആതുരശുശ്രൂഷാ മേഖലയോടുള്ള അർപ്പണ മനോഭാവവും സഹാനുഭൂതിയും അദ്വാനിയെ ആകർഷിച്ചു. 1981ൽ വിവാഹിതരായ ഇരുവർക്കും മോഹിത്, സ്മിത എന്നീ രണ്ട് മക്കൾ പിറന്നു. മോഹിത് ബിസിനസുകാരനായി. എന്നാൽ സ്മിത പിതാവിന്റെ പാത പിന്തുടർന്ന് ആതുരസേവനം തിരഞ്ഞെടുത്തു. പത്ത് വർഷം മുമ്പ് എം.ബി.ബി.എസ് കഴിഞ്ഞ് എം.ഡിക്ക് പഠിക്കുമ്പോഴുണ്ടായ ഒരു വാഹനാപകടത്തിൽ കുടുംബത്തെയാകെ ദുഃഖത്തിലാഴ്ത്തി സ്മിത ഈ ലോകത്തോട് വിടപറഞ്ഞു. തുടർന്ന് പൊന്നുമകളുടെ ഓർമയ്ക്കായി അമ്മ ഗീതയുടെ നാട്ടിൽ ഒരു ആശുപത്രി തുടങ്ങാൻ അദ്വാനി തീരുമാനിക്കുകയായിരുന്നു. അതാണ് സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആന്റ് റിസേർച്ച് സെന്റർ.
തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂരിന് സമീപം 11 നിലകളിലുള്ല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ കാൻസറടക്കം എല്ലാ പ്രധാന വിഭാഗങ്ങൾക്കും അത്യാധുനിക ചികിത്സ ലഭ്യമാണ്. 300 കിടക്കകളുള്ള ഈ ആശുപത്രിയിൽ എട്ട് ഓപറേഷൻ തിയേറ്ററും നൂറോളം ഐ.സി.യുവുമുണ്ട്. എല്ലാ രോഗികളെയും ഒരു പോലെ പരിഗണിക്കുന്ന ഇവിടെ ജനറൽ വാർഡുകളില്ലെന്നത് പ്രത്യേകതയാണ്. പകരം കൂട്ടുകിടപ്പുകാർക്കടക്കം സൗകര്യമുള്ല എ.സി റൂമുകളുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഇവിടെ കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കും. മെട്രോ നഗരങ്ങളിലുള്ള മെട്രോ ആശുപത്രികളെ അപേക്ഷിച്ച് 25 ശതമാനം നിരക്ക് കുറവായിരിക്കും. അണുബാധയൊഴിവാക്കാനായി രണ്ട് ഓപ്പറേഷൻ തീയേറ്റർ മുഴുവനായി സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാൻസർ രോഗികളുടെ എണ്ണം അപകടകരമാംവിധം വർദ്ധിക്കുന്ന ഇടുക്കി ജില്ലയിൽ ഇതുവരെ ഒരു കാൻസർ ചികിത്സാ കേന്ദ്രമില്ലായിരുന്നുവെന്നതും സ്മിത ആശുപത്രിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. നിലവിൽ 10 സ്പെഷ്യാലിറ്റി വിഭാഗങ്ങളാണ് ഇവിടെയുള്ളത്. രണ്ട് മാസത്തിനുള്ളിൽ ഇത് 25 ആയി ഉയർത്തും. ജില്ലയിലെ നൂറുകണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും ഈ സ്ഥാപനമിടയാക്കി. അദ്വാനി- ഗീത ദമ്പതികളുടെ മകൾ സ്മിതയെ പോലെ 'പുഞ്ചിരിയോടെ സേവിക്കുക" എന്നതാണ് ആശുപത്രിയുടെ മോട്ടോ.