തൊടുപുഴ: ദളിത് ക്രൈസ്തവരുടെ പ്രൊഫഷണൽ വിദ്യാഭ്യാസ സംവരണ വിഹിതത്തിൽ, മറ്റ് വിഭാഗങ്ങളെ ഉൾപ്പെടുത്തി, സംവരണം അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന്, ബി.സി.സി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനോയ് ജോസഫ് ആവശ്യപ്പെട്ടു.ഉടുമ്പന്നൂരിൽ ബി.സി.സി.എഫ് ജില്ലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പ്രവേശനത്തിൽ ഒരു ശതമാനം സംവരണം മാത്രമാണ് ദളിത് ക്രൈസ്തവർക്ക് നൽകി വരുന്നത്. എന്നാൽ 1965 മുതൽ, ഇതിൽ നാടാർ വിഭാഗത്തെ കൂടി ഉൾപ്പെടുത്തിയതു മൂലം ദളിത് ക്രൈസ്തവർക്ക് ലഭ്യമാകേണ്ട നൂറുകണക്കിന് സീറ്റുകൾ നഷ്ടപ്പെട്ടു വരികയാണ്. ഇപ്പോൾ നാടാർ ക്രൈസ്തവ വിഭാഗത്തെ കൂടി ഉൾപ്പെടുത്താൻ അണിയറ നീക്കങ്ങൾ നടന്നുവരികയാണ്. ഇതിനെതിരെ നടത്തിവരുന്ന സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ നിന്നും , സി. എം. വർഗ്ഗീസ് (പ്രസിഡന്റ്), എ.സി. പൗലോസ് (സെക്രട്ടറി), സി.ജെ. ജോർജ്, ബോബൻ.കെ.പോൾ, സോണി.പി.ടി(കോർഡിനേറ്റേഴ്‌സ്) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ, സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി രാജീവ് എബ്രാഹാം, ജോയി നെല്ലിക്കുന്നേൽ, ബിജോയ് ജോസഫ്, ജോബിൻസ് അവിരാച്ചൻ, ഷിബി യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു.