തൊടുപുഴ: കെ.എസ്.ആർ.ടി.സിയുടെ മൂലമറ്റം ഓപ്പറേറ്റിംഗ് സെന്ററിലേയ്ക്ക് റീജിയണൽ വർക് ഷോപ്പും പ്രവർത്തന സജ്ജമാകുന്നു. ജില്ലയിലെ ഡിപ്പോകളിലെ ബസ്സുകളുടെ എൻജിൻ പണിയുൾപ്പടെയുള്ള ജോലികൾ ചെയ്യുന്ന കേന്ദ്രമായി ഇതോടെ മൂലമറ്റം സെന്റർ മാറും.ഒരു ഫോർമാനും ഡിപ്പോ എൻജിനീയറും അഞ്ച് അധിക മെക്കാനിക്കുകളുമുൾപ്പടെയുള്ള ജീവനക്കാരും ഇവിടേയ്ക്കെത്തും. മൂലമറ്റം ഡിപ്പോയിക്കാകമാനം ഊർജ്ജം പകരുന്നതാണ് പുതിയ നീക്കമെങ്കിലും ഇവിടെ നിന്നും ഓപ്പറേറ്റിംഗ് സെന്റർ മാറ്റിയേക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാരും യാത്രക്കാരും. നെടുങ്കണ്ടം,മൂലമറ്റം ഓപ്പറേറ്റിംഗ് സെന്ററിലെയും തൊടുപുഴ, മൂന്നാർ, കട്ടപ്പന, കുമളി സബ്ഡിപ്പോകളിലെയും വാഹനങ്ങളുടെ പ്രധാന അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള സൗകര്യമാണ് റീജിയണൽ വർക് ഷോപ്പിൽ ലഭിക്കുക.മുൻപ് കട്ടപ്പനയിൽ അനുവദിച്ച റീജിയണൽ വർക് ഷോപ്പാണ് ഇവിടേക്ക് എത്തുന്നത്.
കഴിഞ്ഞ പ്രളയകാലത്തുണ്ടായ മണ്ണിടിച്ചിലും സ്ഥലപരിമിതികളുമെല്ലാം കണക്കിലെടുത്താണ് കട്ടപ്പനയിലെ നിർദ്ദിഷ്ട വർക് ഷോപ്പ് മൂലമറ്റത്തേയ്ക്ക് മാറ്റിയത്. നിലവിൽ കോട്ടയത്താണ് റീജിയണൽ വർക് ഷോപ്പ് പ്രവർത്തിക്കുന്നത്. രണ്ട് മിനിസ്റ്റീരിയൽ സ്റ്റാഫിനെയും തൊടുപുഴയിൽ നിന്നും അഞ്ച് മെക്കാനിക്കുകളെയും മൂലമറ്റത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ മൂലമറ്റത്തെ വർക് ഷോപ്പിലെ ജീവനക്കാരുടെ എണ്ണം 12 ആയി. ഓഫീസ് റൂമിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു.
ഓപ്പറേറ്റിംഗ് സെന്റർ
മാറ്റില്ല.....
ഇവിടെ നിന്ന് ഓപ്പറേറ്റിംഗ് സെന്റർ മാറ്റാൻ തീരുമാനം എടുത്തിട്ടില്ലെന്ന് കെ എസ് ആർ ടി സി ഉന്നത അധികൃതർ വ്യക്തമാക്കി. ലോക്ക് ഡൗണിനെ തുടർന്ന് വീണ്ടും സജ്ജമായ സെന്റർ ഓരോ ദിവസവും കളക്ഷൻ ഇനത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നതും.16 ഷെഡ്യൂളുകളാണ് ഇവിടെ നിന്നും ഒപ്പറേറ്റ് ചെയ്യുന്നത്. രണ്ടു മാസം മുമ്പ് ഒരു ലക്ഷം രൂപ പോലും വരുമാനമില്ലായിരുന്നു. ഇപ്പോഴത് 1.40ലക്ഷം രൂപക്കടുത്ത് കളക്ഷൻ ആയിട്ടുമുണ്ടെന്ന് അധികൃതർ പറഞ്ഞു. മൂലമറ്റം ആശ്രമം സർവ്വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.