ഇടുക്കി: സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ളാസുകൾ ആരംഭിച്ചു.സൈബർ ജാഗരൂകതാ മാസം ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ജില്ലയിലുടനീളം സൈബർ കുറ്റകൃത്യങ്ങളേക്കുറിച്ചും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളേക്കുറിച്ചുമുളള വിവിധങ്ങളായ ബോധവൽക്കരണ ക്ലാസുകളാണ് നടത്തി വരുന്നത്. പ്രധാനമായും സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുളള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും സൈബർ ലോകത്തെ ചതിക്കുഴികളിൽ പെടാതെ എങ്ങിനെ സുരക്ഷിതമാകാമെന്നതിനെപ്പറ്റിയും വർക്ക് ഷോപ്പുകളും സെമിനാറുകളും ഇതോടൊപ്പം നടക്കുന്നുണ്ട്.. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെകുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും വേണ്ടിയുളള കേരളാ പൊലീസിന്റെ www.kidglove.in എന്ന വെബ് പോർട്ടലിനെക്കുറിച്ചും പരിചയപ്പെടുത്തുന്നുണ്ട്. ജനമൈത്രി പൊലീസിന്റേയും സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച സൈബർ ജാഗരൂകതാ ദിവസം ആയി ആചരിക്കുന്നതിനും അന്നേ ദിവസം സൈബർ സുരക്ഷയെ സംബന്ധിച്ച വിവിധതരം പരിപാടികൾ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ നിർദ്ദേശാനുസരണം സൈബർ ലോകത്തെ സുരക്ഷിതമായ ഇടപെടലുകളെ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ക്ലാസുകൾ. ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രേംകുമാർ. കെ., സീനിയർ സി.പി.ഒ. പ്രതാപ്. എൻ. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.