മുതലക്കോടം: വർഷങ്ങളായി കാടുകയറി നശിക്കുന്ന പഴുക്കാകുളത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തന ക്ഷമമാക്കണമെന്ന ആവശ്യം ശക്തം. 1965 ൽ പ്രവർത്തനം തുടങ്ങിയ ഈ മേഖലയിലെ ഏക സർക്കാർ സ്ഥാപനമാണെങ്കിലും വർഷങ്ങളായി ഇത് അടഞ്ഞു കിടക്കുകയാണ്. മുനിസിപ്പൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല കുമാരമംഗലം ഗ്രാമപഞ്ചായത്തിനാണ്. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇത് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഇപ്പോൾ കാടുകയറി ഈ കെട്ടിടം നാശത്തിന്റെ വക്കിലാണ്. നിരവധി പേർക്ക് പ്രയോജനപ്പെടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് കെ.കെ. ജോസഫിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. റോബിൻ പി. ജോസഫ് പാറത്തലയ്ക്കൽ, ഷാജി പീടികപ്പറമ്പിൽ, ടി.ജെ. ജോൺ താന്നിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുതലക്കോടത്ത് നിന്ന് ഏഴല്ലൂർ ഭാഗത്തേയ്ക്ക് പഴുക്കാകുളം വഴി പോകുന്ന പൊതുമരാമത്തു റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വൃദ്ധ വയോജന മന്ദിരത്തിന് സമീപം കാടുകയറി നശിക്കുന്ന വാട്ടർ അതോറിട്ടി സ്ഥലത്ത് വയോജന പാർക്ക് നിർമ്മിക്കണമെന്നും നിവേദനത്തിലുണ്ട്.