ഇടുക്കി: കനത്ത മഴയെ തുടർന്ന് ജില്ലയിൽ രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. ദുരന്തനിവാരണ അതോറിട്ടിയും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്നതിനാലുമാണ് യാത്രാ നിരോധനം. ഇന്നലെ നിലവിൽ വന്ന നിരോധനം 14 വരെ തുടരം. ആവശ്യ സർവീസുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഈ സമയം യാത്ര ചെയ്യാൻ ഇളവുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കുന്നതും പസഫിക് സമുദ്രത്തിലെ ചുഴലിക്കാറ്റുമാണ് കേരളത്തിലെ നിലവിലെ മഴയ്ക്ക് കാരണം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം 14 വരെ ജില്ലയിൽ ഓറഞ്ച് അലേർട്ടും 15ന് യെല്ലോ അലേർട്ടും പ്റഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ജൂൺ മുതൽ സെപ്തംബർ വരെ മഴയിൽ നേരിയ 19ശതമാനം കുറവുണ്ടായപ്പോൾ ഒക്ടോബറിൽ ഇതുവരെ 28ശതമാനം മഴ കൂടി. 188.5 മി.മീ. മഴയാണ് 11 ദിവസത്തിനിടെ ജില്ലയിൽ ശരാശരി ലഭിച്ചത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തവും അതിശക്തവുമായ മഴക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴ ഈ മാസം പൂർണമായും തുടരുമെന്നാണ് വിലയിരുത്തൽ. 13ന് രൂപമെടുക്കുന്ന ന്യൂനമർദം ജവാദ് ചുഴലിക്കാറ്റായി മാറും. പിന്നാലെ മറ്റൊരു ന്യൂനമർദവും എത്തുന്നുണ്ട്. ഇതിന് ശേഷം അറബിക്കടലിലും ന്യൂനമർദ സാദ്ധ്യതയുള്ളതിനാൽ മഴ കനക്കും.
ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2388.82 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 83.76%. 2390.86 എത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 18.271 മില്യൺ യൂണിറ്റ് വൈദ്യുതിക്ക് ആവശ്യമായ വെള്ളം ഒഴുകിയെത്തിയപ്പോൾ 7.686 മില്യൺ യൂണിറ്റായിരുന്നു ഉത്പാദനം. കാലവർഷം കാര്യമായ ഇടവേളകളില്ലാതെ തുടരുന്നതിനാൽ ജില്ലയിലെ സംഭരണികളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. മലങ്കര അണക്കെട്ട് നേരത്തെ തന്നെ തുറന്നിരിക്കുകയാണ്.