തൊടുപുഴ: പട്ടാപകൽ നഗരമദ്ധ്യത്തിൽ ട്രാൻസ്‌ഫോർമറിന് തീ പിടിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപമുള്ള ട്രാൻസ്‌ഫോർമറിനാണ് ഇന്നലെ രാവിലെ 11.40ന് തീ പിടിച്ചത്. സമീപത്തെ വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സെത്തി തീയണച്ചു. വൈദ്യുതി ഓവർലോഡായതിനെ തുടർന്ന് ട്രാൻസ്‌ഫോർമറിലെ കേബിളുകൾക്കാണ് തീ പിടിച്ചത്. ഇതോടൊപ്പമുണ്ടായിരുന്ന മീറ്റർബോക്‌സും കത്തി നശിച്ചു. തീ കത്തിയെങ്കിലും പടരുന്നതിനു മുമ്പു തന്നെ ഫയർഫോഴ്‌സ് എത്തി അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. 20,000 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു.