കുളമാവ്: മദ്ധ്യവയസ്കനെ കുളമാവ് ഡാമിൽ മരിച്ച നിലയിൽ കണ്ട സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ പൊലീസിനും മുഖ്യമന്ത്രിയ്ക്കും പരാതി നൽകി. മുത്തിയുരുണ്ടയാറിൽ മലയൻസ് കോൾഡ് സ്റ്റോറേജ് നടത്തിയിരുന്ന ബെന്നിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഷാന്റിയാണ് പരാതി നൽകിയത്. വ്യാജവാറ്റ് നടത്തിയെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥർ ബെന്നിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബലപ്രയോഗത്തിൽ മരിക്കുകയായിരുന്നെന്നും കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മൃതദേഹം ജലാശയത്തിൽ ഇടുകയായിരുന്നെന്നുമാണ് ആരോപണം. സെപ്തംബർ 13ന് വൈകിട്ടാണ് സംഭവം നടന്നത്. ഭർത്താവിന്റെ മരണത്തോടെ അനാഥരായ തനിക്കും കുട്ടികൾക്കും ജീവിക്കുന്നതിനാവശ്യമായ ജീവനാംശവും നഷ്ടപരിഹാരവും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബെന്നിയുടെ മരണത്തിന് ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരിൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപ വാസികളായ ആളുകൾ സംഭവങ്ങൾക്കു ദൃക്‌സാക്ഷികളാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.