തൊടുപുഴ:ടൂറിസം മേഖലയായ ഇടുക്കിയുടെ ഒരു ഹബാക്കി തൊടുപുഴയെ മാറ്റുന്നതിനുള്ള പദ്ധതികൾഅടക്കം വിവിധ നിർദേശങ്ങൾ ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് ഇടുക്കി പാക്കേജ് കമ്മിറ്റി ചെയർമാൻ അർജ്ജുൻ പാണ്ഡ്യന് കൈമാറി.തൊടുപുഴ നഗരസഭയുടെ വിവിധ മേഖലയുടെ വികസനം ഉദ്ദേശിച്ചുള്ള പദ്ധതികളുടെ ലിസ്റ്റാണ് നിർദേശങ്ങളിലുള്ളതെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. കാർഷിക മേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും ഏറ്റവും ഉയർന്ന മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതികൾ സമർപ്പിച്ചിരിക്കുന്നത്. ഇനിയും കർഷകരുടെ ജീവിത നിലവാരം ഉയരാത്തതും അവരുടെ ഉത്പ്പന്നങ്ങൾക്ക് വേണ്ടി വിപണിയും വിലയും ലഭിക്കാത്തതും മുൻനിർത്തി പുത്തൻ സാങ്കേതിക മികവോടെ കർഷകരെ ആകർഷിക്കുകയും കൃത്യമായ വരുമാനം ഉറപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ട് മുതലക്കോടം പാടശേഖര സമിതിയുടെ സ്ഥലത്ത് കെട്ടിടസമുച്ചയം പണിയുന്നതിന് പദ്ധതി വിഭാവം ചെയ്തിട്ടുണ്ട്.
ആരോഗ്യമേഖലയിൽ കുട്ടികൾക്കായി ആശുപത്രി സ്ഥാപിക്കൻ, വെങ്ങല്ലൂർ, കുമ്മംകല്ല്, മഠത്തിക്കണ്ടം, പഴുക്കാകുളം എന്നീ മേഖലയിൽ പുതിയ പി.എച്ച്.സി. സ്ഥാപിക്കൻ, പാറക്കടവിലെ ഫാമിലി ഹെൽത്ത് സെന്റർ അപ്ഗ്രഡേഷൻ തുടങ്ങി സമഗ്രമായ ആരോഗ്യ വികസനത്തിനാണ് നഗരസഭ ഉദ്ദേശിച്ചിരിക്കുന്നത്. നഗരസഭാ ഡമ്പിംഗ് യാർഡിനോട് ചേർന്നുള്ള സ്ഥലത്ത് ആധുനിക ഫാം ഉൾപ്പെടെ മൃഗസംരക്ഷണ പദ്ധതി, ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉൾപ്പെടുന്ന ശുചിത്വ മേഖലയിലെ പദ്ധതികൾ, കലാ-കായിക മേഖലയിലെ വിവിധയിനം പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതികൾ, സമഗ്രമായ ബി.എം.ബി.സി ഉൾപ്പെടെയുള്ള മരാമത്ത് വേലകൾ, ഭവന നിർമ്മാണം, വിധവകൾക്ക് തൊഴിലവസരങ്ങൾ തുടങ്ങിയ എല്ലാ മേഖലകളേയും ബന്ധപ്പെടുന്ന പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളതെന്നും ചെയർമാൻ അറിയിച്ചു.