ഇടുക്കി: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകാൻ അയ്യപ്പൻ കോവിലിൽ കയാക്കിങ് ഫെസ്റ്റിവൽ 15,16,17 തിയതികളിൽ നടത്തും. ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പൻ കോവിൽ ,കാഞ്ചിയാർ ഗ്രാമ പഞ്ചായത്തുകൾ, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവർ ഫെസ്റ്റിവലിൽ പങ്കാളികളാകും. ഈ ദിവസങ്ങളിൽ കാലാവസ്ഥ പ്രതികൂലമായാൽ ആഘോഷ സമയക്രമങ്ങളിൽ മാറ്റമുണ്ടായേക്കാമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഒക്ടോബർ 15ന് മൂന്ന് മണിക്ക് ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയും തുടർന്ന് 16 നും 17നും രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സഞ്ചാരികൾക്ക് കയാക്കിങ് നടത്താൻ സാധിക്കും വിധമാണ് പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്്. ആഘോഷ വേദിയായ അയ്യപ്പൻകോവിൽ തൂക്കു പാലത്തിന് സമീപം റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടാകും.
അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാൾ വീതവും സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് അയ്യപ്പൻ കോവിലിൽ സജ്ജീകരിച്ചിരിക്കുന്നത്.
കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ അയ്യപ്പൻ കോവിൽ കാഞ്ചിയാർ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ആഘോഷ പരിപാടികളിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ഡിടിപിസി സെക്രട്ടറി ഗിരീഷ് പിഎസ്, അയ്യപ്പൻകോവിൽ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.