തൊടുപുഴ: തൊടുപുഴ താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയൻ( സി.ഐ എ.ടി യു) വിന്റെ നേതൃത്വത്തിൽ തൊടുപുഴ എക്‌സൈസ് ഓഫീസിനു മുൻപിൽ കൂട്ടധർണ്ണ നടത്തി. താലൂക്കിലെ 25 ഷാപ്പിലെ സാമ്പിൾ പരിശോധനയിൽ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയെന്ന ലാബ് പരിശോധനാ റിപ്പോർട്ടിലെ ദുരൂഹതയിൽ വ്യക്തത വരുത്തുക, കള്ള് പരിശോധന ലാബ് റിപ്പോർട്ട് പുനപരിശോധിക്കുക, ലാബിലെ തിരിമറിയും ഗൂഡാലോചനയും സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കുക. പുറത്തു നിന്നു വരുന്ന കള്ള് ഷാപ്പിൽ ഏല്പിക്കുന്നതിനു മുൻപ് സാമ്പിൾ എടുക്കുക , നിരപരാധികളായ തൊഴിലാളികളുടെ പേരിൽ കേസ്സെടുക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ . യൂണിയൻ ജനറൽ സെക്രട്ടറി കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് വി.വി മത്തായി ഉദ്ഘാടനം ചെയ്തു. കെ.എൽ ജോസഫ് , കെ.വി. ജോയി, കെ.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.