തൊടുപുഴ: ചെല്ലുന്നിടമെല്ലാം വീടും കാണുന്നവരെല്ലാം ആതിഥേയരുമാണ് ഈ പത്തൊൻപത്കാരന്. ബി. കോം രണ്ടാം വർഷം പഠനമുപേക്ഷിച്ച് കഴിഞ്ഞ ആഗസ്റ്റിന് 25ന് ലോകം കാണാനിറങ്ങിയതാണ് നാഗ്പൂർ സ്വദേശിയായ രോഹൻ അഗർവാൾ. ഇന്ന് 400 ദിവസം പിന്നിടുമ്പോൾ 15 സംസ്ഥാനങ്ങൾ കടന്ന് കൊച്ചുകേരളത്തിലെ ഇടുക്കിയിലെത്തി നിൽക്കുന്നു. കണ്ടും കേട്ടും സഞ്ചരിച്ചും പഠിക്കുന്ന 'ഗുരുകുല' സമ്പ്രദായത്തിൽ ആകൃഷ്ടനായാണ് രോഹൻ യാത്ര തുടങ്ങിയത്. വാരണാസിയായിരുന്നു ആദ്യ ലക്ഷ്യം. ബാഗിൽ കുറച്ച് തുണികളും ഫോണും പവർ ബാങ്കും പിന്നെ 2500 രൂപയും. അതായിരുന്നു ആകെ മൂലധനം. ഒരു രൂപ പോലും മുടക്കാതെയാണ് രോഹന്റെ സ്വപ്‌ന യാത്ര. ലിഫ്ടടിച്ച് ആരുടെയെങ്കിലും വാഹനത്തിൽ കയറും. വാഹനം കിട്ടിയില്ലെങ്കിൽ നടക്കും. സുരക്ഷിതമെന്ന് തോന്നുന്നിടത്ത് കിടന്നുറങ്ങും. ഇതിനിടെ സമൂഹമാദ്ധ്യമത്തിലൂടെ പലരും രോഹന്റെ യാത്രയെക്കുറിച്ചറിഞ്ഞു. അങ്ങനെ അറിഞ്ഞ പലരും ഭക്ഷണവും താമസ സൗകര്യവും നൽകി. രണ്ട് മാസം മുമ്പാണ് കേരളത്തിലെത്തിയത്. പല ജില്ലകളിലും കറങ്ങി. രണ്ടാഴ്ച മുമ്പാണ് ഇടുക്കിയിലെത്തിയത്. അടിമാലി, മാങ്കുളം, മൂന്നാർ, വട്ടവട, മറയൂർ, രാമക്കൽമേട്, കട്ടപ്പന, തൊടുപുഴ അങ്ങനെ മിക്ക സ്ഥലങ്ങളും കണ്ടു. പലരും സഹായിച്ചു. കിടക്കാൻ വീട്ടിൽ ഇടം നൽകി. വട്ടവടയാണ് ഇതുവരെ കണ്ടതിൽ മനോഹരമായ പ്രദേശമെന്ന് ആ കൗമാരക്കാരൻ പറയുന്നു. ഇടുക്കിക്കാരാണ് ഏറ്റവും സ്‌നേഹമുള്ള ആളുകൾ. എന്നാൽ, ആകർഷിച്ച സംസ്‌കാരം തമിഴ്‌നാടിന്റെയാണ്. ഇനി കൊച്ചിയിൽ എത്തിയതിനു ശേഷം കർണാടകയിലേക്ക് പോകും. ഇന്ത്യ മുഴുവൻ കണ്ടതിന് ശേഷം സൈബീരിയയിലെത്തുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്കിനെതിരെ പോരാടുന്ന രോഹൻ യാത്ര ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുകയും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും. മഹാരാഷ്ട്ര നാഗ്പൂരിൽ വ്യാപാരം നടത്തുന്ന രമേശിന്റെയും സീമയുടേയും മകനാണ്. ആറാം ക്ലാസുകാരി കനികയാണ് സഹോദരി.