 റോഡിൽ ടൈൽ പാകാൻ തുടങ്ങി

തൊടുപുഴ: കുണ്ടും കുഴിയുമായി ഗതാഗതം ദുഷ്‌കരമായ കാഞ്ഞിരമറ്റം ജങ്ങ്ഷന് ഒടുവിൽ ശാപമോക്ഷം. പൂർണമായും തകർന്ന് കിടക്കുന്ന നൂറ് മീറ്ററോളം ഭാഗത്ത് ടൈൽ വിരിക്കാൻ ആരംഭിച്ചു. ഇതുവഴി ഗതാഗതം ദുഷ്കരമായ സാഹചര്യത്തിലാണ് നടപടി. മഴയുള്ളപ്പോൾ കുഴിയിൽ വെള്ളം കെട്ടിക്കിടന്ന് രാത്രികാലങ്ങളിൽ ബൈക്ക് യാത്രികരടക്കം അപകടത്തിൽപെടുന്നത് പതിവായിരുന്നു. പ്രദേശത്തെ പൈപ്പ് ചോർച്ച മൂലമാണ് റോഡിൽ വൻകുഴികൾ രൂപപ്പെടാൻ കാരണമെന്ന് പി.ഡബ്യൂ.ഡി അധികൃതർ പറയുന്നു. നാളുകൾക്ക് മുമ്പ് റോഡിൽ അറ്റകുറ്റപണി നടത്തി കുഴികൾ അടച്ചിരുന്നെങ്കിലും വീണ്ടും പഴയ സ്ഥിതിയിലാവുകയായിരുന്നു. ഒരു കുഴിയിൽ നിന്ന് വാഹനം നേരെ അടുത്ത കുഴിയിലേക്കാണ് ഇപ്പോൾ ചാടുന്നത്. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ടാണ്. കാഞ്ഞിരമറ്റം - മങ്ങാട്ടുകവല ബൈപാസിൽ മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ അടച്ച ഭാഗങ്ങളിലൊക്കെ വലിയ ഗർത്തങ്ങളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. മഴ മാറുന്ന മുറയ്ക്ക് റോഡിലെ കുഴികൾ അടയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പി.ഡബ്ളിയു.ഡി അധികൃതർ പറഞ്ഞു.

നഗരത്തിലെങ്ങും വാരിക്കുഴികൾ

കാലവർഷം ശക്തമായതോടെ നഗരത്തിലെ മിക്ക റോഡുകളിലും വലിയ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമായിട്ടുണ്ട്. നഗരത്തിലെ പ്രധാന വഴികളിൽ ഉൾപ്പെടെ റോഡ് തകർന്ന് വലിയ ഗർത്തങ്ങളായി മാറി. പല കുഴികളിലും വെള്ളം കെട്ടിക്കിടക്കുന്നത് അറിയാതെ ഇതിൽ ചാടി ഇരുചക്ര വാഹന യാത്രക്കാരും മറ്റും അപകടത്തിലാകുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താത്തതിനാൽ ചെറിയ ഗട്ടർ പോലും വൻ ഗർത്തമായി മാറുകയാണ്.