ഇടുക്കി ബ്ലൂ അലേർട്ടിലേക്ക് നാല് ഡാമുകൾ തുറന്നു അങ്ങിങ്ങ് നാശനഷ്ടങ്ങൾ
തൊടുപുഴ: ജില്ലയിൽ തിങ്കളാഴ്ച ഉച്ചമുതൽ ആരംഭിച്ച കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന് അണക്കെട്ടുകൾ നിറയുന്നു. കുണ്ടള, പാംബ്ല, മലങ്കര, കല്ലാർക്കുട്ടി എന്നീ ചെറിയ ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് ബ്ലൂ അലേർട്ടിലേക്ക് നീങ്ങുകയാണ്.
ഇന്നലെ വൈകിട്ട് നാലിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2389.78 അടിയാണ് ഡാമിലെ ജലനിരപ്പ്. 2390.86 അടിയിലെത്തിയാൽ ഡാമുകൾ തുറക്കുന്നതിന് മുന്നോടിയായ ആദ്യ ജാഗ്രതാ നിർദേശമായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2396.86 അടിയെത്തിയാൽ ഓറഞ്ചും 2397.86 അടിയെത്തിയാൽ റെഡും അലേർട്ട് പ്രഖ്യാപിക്കും. 2398.86 അടിയെത്തിയാൽ അണക്കെട്ട് തുറന്നേക്കും. 2018ലാണ് ഇതിന് മുമ്പ് അവസാനമായി ഇടുക്കി അണക്കെട്ട് തുറന്നത്. പരമാവധി സംഭരണശേഷിയുടെ 84.68 ശതമാനം വെള്ളമാണ് നിലവിൽ ഡാമിലുള്ളത്. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5.18 സെ.മീ മഴയാണ് ലഭിച്ചത്. 27.848 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. 10.271 മില്യൺ യൂണിറ്റായിരുന്നു ഇന്നലെ മൂലമറ്റം പവർൗസിലെ വൈദ്യുതി ഉത്പാദനം.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാംബ്ല അണക്കെട്ടിന്റെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഇന്നലെ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തിങ്കളാഴ്ച 60 സെന്റീമീറ്റർ തുറന്നിരുന്നു. മലങ്കര അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 128.6 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണശേഷി. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മഴ കൂടുതൽ ലോറേഞ്ചിൽ
തൊടുപുഴ ഉൾപ്പെടുന്ന ലോ റേഞ്ച് മേഖലയിലാണ് മഴ ശക്തം. ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 63.24 മില്ലിമീറ്റർ മഴയാണ് പെയ്തത്. തൊടുപുഴ താലൂക്കിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്- 106.2 മില്ലിമീറ്റർ. ഏറ്റവും കുറവ് ഉടുമ്പൻചോലയിലാണ്- 27 മില്ലിമീറ്റർ. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ജില്ലയിൽ ഇന്ന് ഓറഞ്ചും നാളെയും മറ്റന്നാളും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ രാത്രികാല യാത്ര നിരോധനവുമുണ്ട്. കൂടാതെ ദേവികുളം ഗ്യാപ് റോഡ് വഴിയും ഗതാഗത നിയന്ത്രണമുണ്ട്.
മഴയുടെ അളവ് (മില്ലിമീറ്ററിൽ)
ഉടുമ്പൻചോല- 27
ഇടുക്കി- 51.8
ദേവികുളം- 50.2
തൊടുപുഴ- 106.2
പീരുമേട്- 81
ശരാശി- 63.24