നെടുങ്കണ്ടം: വൻ മരം വീണ് പത്ത് 11 കെ.വി വൈദ്യുതി പോസ്റ്റുകൾ ലൈൻ സഹിതം കുമളി മൂന്നാർ സംസ്ഥാന പാതയിൽ പതിച്ചു. ഒഴിവായത് വൻ ദുരന്തം. ബസും തൊഴിലാളി വാഹനങ്ങളും കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുമ്പായിരുന്നു അപകടം. നെടുങ്കണ്ടത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് മരം വൈദ്യുതി ലൈനിലേക്ക് പതിച്ചത്. മരം വീണ് 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. മരം വീണതിന്റെ ആഘാതത്തിൽ കോൺക്രീറ്റ് പോസ്റ്റുകൾ നടുവെ ഒടിഞ്ഞു. കെ.എസ്.ഇ.ബിയുടെ ഇന്റർലിങ്ക് സംവിധാനവും തകരാറിലായതോടെ ഉടുമ്പൻചോല പഞ്ചായത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. വൈദ്യുതി തടസം ഉണ്ടായാൽ ലൈനുകളിലേക്ക് വൈദ്യുതി കടത്തിവിടാൻ ഇന്റർലിങ്ക് സംവിധാനം ഇവിടെ സ്ഥാപിച്ചിരുന്നു. ഇതും തകർന്ന് തരിപ്പണമായി. പച്ചടി, ഉടുമ്പൻചോല ഫീഡറുകൾ പുർണമായും തകരാറിലായി. 24 മണിക്കൂറിനുള്ളിൽ വൈദ്യുത തടസം പരിഹരിക്കുമെന്ന് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. അടുത്തടുത്തുള്ള പോസ്റ്റുകൾ ഒടിഞ്ഞതോടെ സംസ്ഥാന പാതയിൽ സ്ഥിതി ചെയ്യുന്ന വൈദ്യുതി പോസ്റ്റുകളുടെ അവസ്ഥയും കെ.എസ്.ഇ.ബി പരിശോധിക്കുന്നുണ്ട്. ബലക്ഷയം കണ്ടെത്തിയാൽ പോസ്റ്റുകളും ലൈനുകളും മാറ്റി പുതിയവ സ്ഥാപിക്കും.