നെടുങ്കണ്ടം: മുണ്ടിയെരുമ ടൗണിൽ തേനീച്ചക്കൂടിളകിയതിനെ തുടർന്ന് കുട്ടികളടക്കം നിരവധി പേർക്ക് കുത്തേറ്റു. കുത്തേറ്റ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടിയെരുമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ മരത്തിന് മുകളിൽ കൂട് കൂട്ടിയ പെരുംതേനീച്ചകളാണ് ഉച്ചയോടെ കൂടിളകി ടൗണിൽ ഇരച്ചെത്തിയത്. കല്ലാർ ഗവ. സ്‌കൂൾ പരിസരത്ത് കൂട്ടമായും അല്ലാതെയും എത്തിയ ഈച്ചകൾ പ്രദേശവാസികളായ കുട്ടികളെയടക്കം കുത്തി പരിക്കേൽപ്പിച്ചു. വഴിയാത്രക്കാരും വ്യാപരികളുമടക്കം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. അമ്പലത്തിന് സമീപത്തെ ആധാരം എഴുത്ത് ഓഫീസുകളിലും മറ്റ് കടകളിലും നിന്ന നിരവധി പേർക്ക് കുത്തേറ്റു. ഈച്ചയുടെ ആക്രമണത്തിൽ നിന്ന് ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഈച്ചയെ തുരത്താൻ ചില കടകൾക്ക് മുമ്പിൽ പേപ്പറുകൾ കൂട്ടിയിട്ട് തീയിട്ടു. വില്ലേജ്, രജിസ്ട്രാർ, പോസ്റ്റ് ഓഫീസുകളിലും, ആശുപത്രിയിലും, സ്‌കൂളുകളിലുമായി വിവിധ ആവശ്യങ്ങൾക്ക് നിരവധിപേരാണ് ടൗണിൽ എത്തിയത്.