suresh
സുരേഷ്

രാജകുമാരി: ചിന്നക്കനാൽ 301 കോളനിക്ക് സമീപം കാട്ടാന വൈദ്യുതി ആഘാമേറ്റ് ചരിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. 301 കോളനി പാൽകുളംകുടിയിൽ സുരേഷാണ് (40) വനംവകുപ്പിന്റെ പിടിയിലായത് .രണ്ട് മാസക്കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയുടെ മുൻകൂർ ജാമ്യഅപേക്ഷ കോടതി തള്ളിയിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 13നാണ് 45 വയസുള്ള പിടിയാനയുടെ ജഡം സുരേഷിന്റെ വീടിനു സമീപം കണ്ടെത്തിയത്. ഇവിടെ കാട്ടാനകൾ കൃഷിയിടത്തിൽ ഇറങ്ങുന്നത് തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. വന്യമൃഗങ്ങളെ അപകടത്തിൽ പെടുത്താൽ വൈദ്യതി ലൈനിൽ കേബിൾ വഴി സോളാർ ഫെൻസിംഗിലേക്ക് നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനയ്ക്ക് വൈദ്യുതാഘാമേൽക്കാൻ കാരണം. ആനയുടെ ജഡത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ കേബിളിന്റെയും വൈദ്യുതി കമ്പിയുടെയും ബാക്കി ഭാഗം സുരേഷിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം എറണാകുളത്തെ ആദിവാസി നേതാവിന്റെ വീട്ടിലും ചാറ്റുപാറയിലെ ബന്ധുവീട്ടിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന സുരേഷ് കഴിഞ്ഞ ദിവസം 301 കോളനിയിലെ സുഹൃത്തിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന തന്റെ ഇരുചക്രവാഹനം എടുക്കാൻ എത്തിയപ്പോഴാണ് വനം വകുപ്പിന്റെ പിടിയിലായത്. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .2017ന് ശേഷം ചിന്നക്കനാൽ മേഖലയിൽ മൂന്ന് കാട്ടാനകളാണ് വൈദ്യുതാഘാമേറ്റ് ചരിഞ്ഞത്.