ഇന്റർനെറ്റ് ഡീ അഡിക്ഷൻ സെന്റർ എവിടെയെങ്കിലുമുണ്ടോ എന്ന ചോദ്യവുമായാണ് രണ്ട് മാസം മുമ്പ് ഏഴാം ക്ലാസുകാരന്റെ മാതാവ് ഇടുക്കിയിലെ ഒരു മന:ശാസ്ത്ര വിദഗ്ദ്ധനെ സമീപിച്ചത്. അമ്മയുടെ ആശങ്ക കണ്ട് കാര്യം തിരക്കിയതോടെ അവർ പറഞ്ഞുതുടങ്ങി. 'ഊണും ഉറക്കവുമില്ലാതെ മകൻ ഗെയിമിലാണ്. പാതിരാത്രിയിലൊക്കെ അപരിചിതരുമായി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കും. ഒരിക്കൽ പതിനായിരം രൂപ ആവശ്യപ്പെട്ട് വന്നു. കാര്യം തിരക്കിയപ്പോൾ പറഞ്ഞത് ഒരു സൃഹൃത്തിൽ നിന്ന് പണംകൊടുത്ത് അവന്റെ ഗെയിം വാങ്ങാനാണെന്നാണ്. സംഭവം പന്തികേടാണെന്ന് മനസിലാക്കിയതോടെ മൊബൈൽ കൈയോടെ വാങ്ങിവെച്ചു. അതോടെ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. കുറേനേരം മുറിയിൽ കയറി ബഹളം വെച്ചു. ആരോടും മിണ്ടാതായി. ഒരു ദിവസം പട്ടിണികിടന്നു. മൊബൈൽ ഫോൺ തിരികെ നൽകിയ ശേഷമാണ് ശാന്തനായത്. പല ഡോക്ടർമാരുടെയും അടുത്ത് പോയെങ്കിലും വീട്ടിലെത്തിയാൽ അവൻ ഓടിച്ചെന്ന് മൊബൈൽ കൈയിലെടുക്കും. മകനെ മൊബൈലിന്റെയും ഗെയിമുകളുടെയും ലോകത്ത് നിന്ന് രക്ഷപ്പെടുത്തി തരണമെന്നായിരുന്നു ആ അമ്മയുടെ അപേക്ഷ. ഓൺലൈൻ ക്ലാസിനായി മൊബൈൽ ഉപയോഗിച്ച് തുടങ്ങിയ പല കുട്ടികളും ഇന്ന് അതിന്റെ അടിമകളാണ്. ഇവരെ എങ്ങനെ പഴയ പോലെ സ്‌കൂളിലെത്തി ക്ലാസിലിരുന്ന് പഠിക്കുന്ന സ്ഥിതിയിലാക്കുമെന്നത് വെല്ലുവിളി.
മറ്റൊരു അനുഭവകഥ കൂടി പറയാം. ഇടുക്കി ജില്ലയിലെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുന്നിലെത്തിയ ആറാം ക്ലാസുകാരന്റെ മാതാവ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ് 'പഠിക്കാനൊക്കെ മിടുക്കനായിരുന്നു. പക്ഷേ, കുറച്ചുനാളായി എല്ലാവരോടും ദേഷ്യമാണ്. ഭക്ഷണം കഴിക്കുന്നില്ല. രാത്രി ഉറക്കമില്ല. ഏതുനേരത്തും മൊബൈൽ ഫോൺ കുത്തിക്കൊണ്ടിരിക്കും. പുറത്തേക്കിറങ്ങാൻ പറഞ്ഞാൽ അകത്ത് തന്നെ ഇരിക്കുമെന്ന് പറയും. ഫോൺ കൊടുക്കാതിരുന്നാൽ വീട്ടിലെ സാധനങ്ങളൊക്കെ നശിപ്പിക്കും. വഴക്കു പറഞ്ഞാൽ വാതിലടച്ച് അകത്തിരിക്കും. ഞങ്ങൾക്ക് എന്ത് ചെയ്യണമെന്നറിയില്ല. ഒന്ന് സഹായിക്കണം'. പറഞ്ഞു തീരുമ്പോഴേക്കും അമ്മ പൊട്ടിക്കരഞ്ഞുതുടങ്ങി. ഓൺലൈൻ പഠനാവശ്യത്തിന് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകി ജോലിക്ക് പോയി മടങ്ങിയെത്തിയ കട്ടപ്പനയിലെ രക്ഷിതാക്കൾ കണ്ടത് മകന്റെ മൃതദേഹമാണ്. പതിന്നാലുകാരന് ഫോൺവാങ്ങി നൽകുമ്പോൾ ഇവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു ദുരന്തം. മാസങ്ങളായി ഗെയിമുകളുടെ ലോകത്തായിരുന്നു കുട്ടിയെന്നാണ് ബന്ധുക്കൾ പറയുന്നത്.
എങ്ങനെ ഓഫ് ലൈനിലെത്തിക്കും
ലോക്ക്ഡൗണിൽ കളിയിടങ്ങൾ ശൂന്യമായതോടെ കുട്ടികൾ പലരും സാഹചര്യം അനുകൂലമാക്കി ഡിജിറ്റൽ ലോകത്തേക്ക് ഓടിക്കയറി. തടസങ്ങളില്ലാതെ മൊബൈൽ ഉപയോഗിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. ക്ലാസുകൾ ഓൺലൈനായതോടെ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകാൻ രക്ഷിതാക്കളും നിർബന്ധിതരായി. പലരും ഇത് ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ടായി. കുട്ടികളിൽ ചിലർ ഓൺലൈൻ ക്ലാസിന്റെ വീഡിയോ ഓഫ് ചെയ്ത് മറ്റൊരു വിൻഡോ തുറന്ന് ഗെയിമുകൾ കളിക്കുന്നുണ്ട്. മറ്റു ചിലർ ഈസമയം കൂട്ടുകാരുമായി ചാറ്റ് ചെയ്യും. ക്ലാസിന് ശേഷവും ഹോംവർക്ക്, അസൈൻമെന്റ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് രാത്രി വളരെ വൈകിയും അതിൽ സമയം ചെലവിടുന്നവരുണ്ട്. ഇക്കാര്യങ്ങൾ നിരീക്ഷിക്കേണ്ട രക്ഷിതാക്കളുടെ സാങ്കേതിക പരിജ്ഞാനമില്ലായ്മയും ചില കുട്ടികളെങ്കിലും മുതലെടുത്തു.
കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച ഏകാന്തതയും സമപ്രായക്കാരുമായുള്ള ഇടപെടലുകൾ കുറഞ്ഞതുമാണ് കുട്ടികളെ മൊബൈൽ ഗെയിമുകളടക്കമുള്ള വിനോദങ്ങളിലേക്ക് വഴി തിരിച്ചുവിട്ടത്. കുട്ടികൾ പലരും കളിക്കുന്ന സർവൈവൽ ഗെയിമുകളടക്കമുള്ളവ അതീവ അപകടരമാണെന്നാണ് സൈബർ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത്തരം ഗെയിമുകൾ കുട്ടികളെ സാങ്കല്‌പിക ലോകങ്ങളിൽ അഭിരമിപ്പിക്കുകയാണ്. പല ഗെയിമുകളും ചലഞ്ചിംഗ് വിഭാഗത്തിലുള്ളതാണ്. അക്രമങ്ങളിലൂടെ വിജയിച്ചാണ് പോയിന്റുകൾ സ്വന്തമാക്കുന്നത്. ഇതിൽ പരിചിതരല്ലാത്ത ആളുകളുമായി കുട്ടികൾ ഇടപഴകുന്നുണ്ട്. മാത്രമല്ല സാമ്പത്തിക ചൂഷണത്തിനിരയാവുകയും ചെയ്യുന്നു. ഒരു ദിവസം മൊബൈൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ തലവേദന, അമിതമായ നെഞ്ചിടിപ്പ്, കൈകാലുകൾക്ക് വിറയൽ, തലയ്ക്ക് പെരുപ്പ് എന്നിവ മുതൽ അക്രമ സ്വഭാവവും സ്വയം മുറിവേല്‌പ്പിക്കുന്ന പ്രവണതയും വരെ കുട്ടികളിൽ കാണപ്പെടുന്നതായി കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. 10 മുതൽ 18 വരെ പ്രായമുള്ള കുട്ടികളിലാണ് മൊബൈലിന്റെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവരെ ഓൺലൈനിന്റെ ലോകത്ത് നിന്ന് ഓഫ് ലൈനിലാക്കുകയെന്നത് രക്ഷിതാക്കളെയും അദ്ധ്യാപകരെയും സംബന്ധിച്ചിടത്തോളം ചെറിയ ദൗത്യമല്ല.
കുഞ്ഞല്ല പ്രശ്‌നങ്ങൾ
മണിക്കൂറുകളോളം മകൻ കുളിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആ അമ്മ കാര്യം തിരക്കിയത്. 'എല്ലായിടത്തും കൊറോണയാണ് അമ്മേ. എന്റെ ഷർട്ടിലും കൊറോണയുണ്ടെന്ന് തോന്നുന്നു. എന്നെ തൊടണ്ട. അമ്മയ്ക്കും വന്നാലോ. ഞാൻ കുളിച്ചു കഴിയട്ടെ'. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും ആവർത്തിച്ചതോടെ അമ്മ മാനസികാരോഗ്യ വിദഗ്ദ്ധന്റ സഹായം തേടുകയായിരുന്നു. ഒന്നരവർഷം സ്‌കൂളിൽ പോകാതെ കൂട്ടുകാരുമായി ഇടപഴകാതെയിരുന്നതിൽ നിന്നുണ്ടായ അമിത ഉത്കണ്ഠയാണ് കുട്ടിയെ ഈ നിലയിലെത്തിച്ചത്. കുട്ടിക്ക് ഒരേചിന്ത തന്നെ കടന്നുവരുന്നതാണ് ഇതിന് പിന്നിലെന്നും ഇത്തരം കേസുകളിൽ ചികിത്സയടക്കം വേണ്ടി വരുമെന്നും ഡോക്ടർമാർ പറയുന്നു. ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌കൂൾ തുറക്കുമ്പോൾ ഇത്തരം കുട്ടികളെക്കുറിച്ച് കൂടി നാം ചിന്തിക്കണം. ഇത്രനാളും കാര്യമായി പുറത്തുപോലും ഇറങ്ങാൻ കഴിയാത്ത കുട്ടികളിൽ സങ്കടം, നിരാശ, അമിത ഉത്കണ്ഠ തുടങ്ങിയവ കൂടി വരുന്നതായാണ് റിപ്പോർട്ട്. കൊവിഡ് കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങൾ തേടിയാൽ മുതിർന്നവർക്ക് നിസാരമായി തോന്നുന്ന പല കാര്യങ്ങളും വളരെ ഗൗരവകരമാണെന്ന് മനസിലാകും. സുഹൃത്തുക്കളുമായി ആശയ വിനിമയം കഴിയാത്തതിനാൽ തങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഒരിടമില്ലാതായതാണ് പല കുട്ടികളെയും ബുദ്ധിമുട്ടിലാക്കുന്നത്. വീടുകളിൽ രക്ഷിതാക്കൾ തമ്മിലെ പിണക്കങ്ങൾ, ചെറിയ പ്രശ്‌നങ്ങൾ എന്നിവയെല്ലാം കുട്ടികൾക്ക് മാനസിക സമ്മർദം സൃഷ്ടിക്കുന്നു. വിനോദങ്ങൾക്കായി എവിടെയെങ്കിലും പോകാൻ തീരുമാനിച്ചാലും അതിന് കഴിയാത്ത സാഹചര്യവും മാനസിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. കുട്ടികൾ എല്ലാ കാര്യങ്ങളിലും ജിജ്ഞാസയുള്ളവരാണ്. അതുകൊണ്ട് തന്നെ അവർ പുതിയ മേഖലകളിലേക്ക് വളരെ വേഗത്തിൽ വലിച്ചിഴയ്‌ക്കപ്പെടും.
ലോക്ഡൗൺ മൂലം സുഹൃത്തുക്കൾ തമ്മിലുള്ള കൂടിച്ചേരലുകൾ കുറഞ്ഞത് ഒരു പ്രശ്‌നമാണ്. സ്വന്തം പ്രായത്തിലുള്ള കുട്ടികളുമായുള്ള സമ്പർക്കം കുറഞ്ഞതിനാൽ ഇവരുടെ സൗഹൃദ വലയങ്ങളിൽ പങ്കുവെച്ച് പരിഹരിച്ചിരുന്ന പലകാര്യങ്ങളും ഇപ്പോൾ ചർച്ച ചെയ്യാതായി. ഓടിനടന്ന കുട്ടികൾ ഒരു മുറിയിലടക്കപ്പെട്ടതിന്റെ ബുദ്ധിമുട്ടുകളും നേരിടുന്നു. ഇക്കാരണങ്ങളാൽ വീടിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ മൊബൈൽ ഫോൺ പോലുള്ള ഉപാധികളെ അവർ കൂടുതലായി ആശ്രയിക്കുന്നു. പലപ്പോഴും ഇന്റർനെറ്റിന്റെ മായിക ലോകത്തേക്ക് എത്തുന്നവർക്ക് ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. കുട്ടികൾക്ക് മാനസിക സംഘർഷങ്ങളുണ്ടെങ്കിൽ രക്ഷിതാക്കൾക്ക് കണ്ടെത്താൻ കഴിയണം. കഴിയുന്നതും കുട്ടികളുടെ മൊബൈൽ ഉപയോഗം തുറന്ന മുറികളിൽ അനുവദിക്കുക. സ്വന്തം മുറികളിൽ ഇരുന്നുള്ള ഉപേയാഗത്തിന് കൂടുതലായി അനുമതി നൽകരുത്. കുട്ടികളെ ഇത്തരം കാര്യങ്ങളിൽ ശാരീരികമായി ഉപദ്രവിക്കരുത്. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക.