 ഇടുക്കി ഹൗസ്ഫുൾ

തൊടുപുഴ: കൊവിഡ് പ്രതിസന്ധിക്ക് അയവുവന്നതോടെ പൂജാ അവധി ആഘോഷമാക്കാൻ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം സഞ്ചാരികൾ മൂന്നാറും തേക്കടിയുമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച ബുക്കിംഗാണ് ഇത്തവണ. മൂന്നാർ,​തേക്കടി,​ വാഗമൺ എന്നിവിടങ്ങളിലെ പ്രധാന ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറികളെല്ലാം 14 മുതൽ 17 വരെ ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. സാധാരണ പൂജാ അവധിക്ക് ഉത്തരേന്ത്യക്കാർ കൂടുതലായി എത്തിയിരുന്ന സ്ഥാനത്ത്, തമിഴ്നാട് സ്വദേശികളും മലബാർ മേഖലയിൽ നിന്നുള്ളവരുമാണ് ഇത്തവണ കൂടുതലും റൂമുകൾ ബുക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ പേരും രണ്ട് ദിവസത്തെ യാത്ര ക്രമീകരിച്ച് എത്തുന്നവരാണ്. ഫോൺ മുഖാന്തിരവും, ഓൺലൈൻ വഴിയും ബുക്കിംഗുകൾ ധാരാളം വരുന്നുണ്ട്. പാക്കേജുകൾ തിരക്കി വരുന്നവരാണ് അധികവും. കൊവിഡിന്റെ ഇളവുകൾ വന്നതുമുതൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുവേ സഞ്ചാരികളുടെ തിരക്ക് കൂടുതലാണ്. കഴിഞ്ഞ ശനിയും ഞായറും പതിനായിരത്തിലധികം ആളുകളാണ് മൂന്നാറിലേക്ക് എത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്നശേഷം മൂന്നാർ ടൂറിസം മേഖല തിരിച്ചു കയറുന്നതിന്റെ സൂചനയാണ് അവധി ദിനങ്ങളിൽ അനുഭവപ്പെടുന്ന തിരക്ക്. വ്യാഴവും വെള്ളിയുമാണ് പൂജാ അവധിദിനങ്ങളെങ്കിലും ഞായർ വരെ മിക്ക ഹോട്ടലുകളിലും റിസോർട്ടുകളിലും മുറി ലഭ്യമല്ല. യാത്രാവിലക്ക് നീങ്ങിയതോടെ തമിഴ്‌നാട്ടിൽ നിന്ന് ധാരാളം സന്ദർശകർ എത്തുന്നുണ്ട്. ദേവികുളം ഗ്യാപ് റോഡ് ഗതാഗതത്തിന് തുറന്നതും മൂന്നാറിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നതും അനുകൂല ഘടകമായി. മാട്ടുപ്പെട്ടിയും ഇരവികുളവുമെല്ലാം പഴയ നിലയിലേക്ക് മടങ്ങിക്കഴിഞ്ഞു.


മഴ കുറഞ്ഞത് ആശ്വാസം

രണ്ട് ദിവസമായി ജില്ലയിൽ അനുഭവപ്പെട്ട ശക്തമായ മഴ കുറഞ്ഞത് ടൂറിസം മേഖലയ്ക്ക് ഉണർവേകും. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അലേർട്ടുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം വ്യാഴാഴ്ച വരെ ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.

ഉണർത്തിയത് മലബാറികൾ

തളർന്നുപോയ ടൂറിസത്തെ വീണ്ടും ഉണർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് മലബാർ പ്രദേശത്ത് നിന്നുള്ളവരാണെന്ന് മേഖലയിലെ പ്രവർത്തിക്കുന്നവർ പറയുന്നു. ഇളവുകൾ പ്രഖ്യാപിച്ചതോടെ കുടുംബങ്ങളായാണ് കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലക്കാർ എത്തിതുടങ്ങിയത്.

നിരക്ക് 2500- 5000 വരെ

റിസോർട്ടുകളിൽ പ്രഭാത ഭക്ഷണവും ഉച്ചയൂണും ഉൾപ്പടെ ഒരു കുടുംബത്തിന് ശരാശരി 2500 രൂപയാണ് ചെലവ് വരുന്നത്. ഉത്സവ സീസണിൽ സഞ്ചാരികൾ കൂടുന്നതിനാൽ നിരക്ക് കൂടും. സാധരണ നിരക്കിൽ നിന്ന് 3000 മുതൽ 5000 രൂപ വരെ കൂടിയേക്കുമെന്ന് മേഖലയിലുള്ളവർ പറയുന്നു.