തൊടുപുഴ: കഴിഞ്ഞ ഓണക്കാലത്ത് കാന്തല്ലൂരിലെ കർഷകരിൽ നിന്നും ഹോർട്ടി കോർപ്പ് സംഭരിച്ച പച്ചക്കറിക്കുള്ള വിലയായി കർഷകർക്ക് പണം നൽകിയില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. നവംബർ 12ന് മുമ്പായി റിപ്പോർ്ട്ട് സമർപ്പിക്കണം. 2021 ഓഗസ്റ്റ് 13 മുതൽ 18 വരെ 10.81 ലക്ഷത്തിന്റെ പച്ചക്കറിയാണ് സർക്കാർ സ്ഥാപനമായ ഹോർട്ടികോർപ്പ് കാന്തല്ലൂർ വി.എഫ്.പി.സി.കെ.ലേല വിപണിയിൽ നിന്നും സംഭരിച്ചത്. ഹോർട്ടികോർപ്പ് ജില്ലാ മാനേജർ കാന്തല്ലൂരിൽ നേരിട്ടെത്തിയാണ് കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ചത്. കർഷകർക്ക് നൽകേണ്ട തുക അലോട്ട് ചെയ്‌തെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ അക്കൗണ്ടിൽ തുക എത്തിയിട്ടില്ല. ഇതിന് മുമ്പ് കാന്തല്ലൂർ വി.എഫ്.പി.സി.കെ ക്ക് ഹോർട്ടി കോർപ്പ് പതിനൊന്ന് ലക്ഷം രുപ നൽകാനുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.