തൊടുപുഴ: ടൗണിലൂടെ ലൈസൻസില്ലാതെ വലിയ ശബ്ദമുണ്ടാക്കി അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച രണ്ട് കൗമാരക്കാർക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. ഓപ്പറേഷൻ റാഷിന്റെ ഭാഗമായാണ് ബൈക്കുകളുടെ സൈലൻസറുകൾ ഊരിമാറ്റി ലൈസൻസില്ലാതെ പരക്കം പാച്ചിൽ നടത്തിയ 18 വയസുകാരെയാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ തൊടുപുഴ എ.പി.ജെ അബ്ദുൾകലാം സ്‌കൂളിന് സമീപത്തെ റോഡിലാണ് സംഭവം. അപകടകരമായ രീതിയിൽ ബൈക്ക് പായിക്കുന്നതായി നാട്ടുകാർ മോട്ടോർ വാഹനവകുപ്പ് അധികൃതർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.എ. നസീറിന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉദ്യോഗസ്ഥരെ കണ്ട യുവാക്കൾ ബൈക്ക് നിർത്തി ഇറങ്ങിയോടി. തുടർന്ന് വാഹന നമ്പർ ഉപയോഗിച്ച് ഉടമകളെ കണ്ടെത്തുകയായിരുന്നു. ഉടമകൾക്കൊപ്പം ബൈക്കോടിച്ച യുവാക്കളെയും വിളിച്ചു വരുത്തി. വാഹനങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. രണ്ട് വാഹനങ്ങൾക്കുമായി 15000 രൂപ വീതമാണ് പിഴയിട്ടത്. ലൈസൻസില്ലാത്തതിനും പതിനായിരവും വാഹനം രൂപമാറ്റം വരുത്തിയതിനാണ് അയ്യായിരവും പിഴയീടാക്കിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ നിസാർ ഹനീഫ, പി.ആർ. രാംദേവ്, ഡോ. രൈവർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.