indhu

വെള്ളിയാമറ്റം : പായസം മുതൽ കട്‌ലെറ്റ് വരെ കൊതിയൂറും വിഭവങ്ങൾ. ഏത് കഴിക്കണമെന്നതിൽ ആശയക്കുഴപ്പം ഉണ്ടാക്കും വിധമായിരുന്നു അങ്കണവാടി ജീവനക്കാരുടെ ഭക്ഷ്യവിഭവ പ്രദർശനമേള. സംയോജിത ശിശുവികസന പദ്ധതിയുടെ (ഐ.സി.ഡി.എസ്) 46ാം വാർഷിക ആഘോഷത്തിലാണ് അമൃതം പൊടികൊണ്ട് അൻപതോളം വിഭവങ്ങൾ തയ്യാറാക്കി പ്രദർശിപ്പിച്ചും വിതരണം ചെയ്തും വ്യത്യസ്തമായ ഭക്ഷ്യമേള സംഘടിപ്പിച്ചത്. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനമേള സംഘടിപ്പിച്ചത്. അങ്കണവാടികളിൽ ലഭിക്കുന്ന അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളായിരുന്നു പ്രദർശന മേളയിലെ മുഖ്യ ആകർഷണം. കുമ്പിൾ അപ്പം, ലഡു, വട്ടയപ്പം, പായസം, കട്‌ലറ്റ്, ഉണ്ണിയപ്പം, കൊഴുക്കട്ട, പിടി, പത്തിരി തുടങ്ങി അൻപതോളം പലഹാരങ്ങളാണ് മേളയിലുണ്ടായിരുന്നത്. അങ്കണവാടി ജീവനക്കാരാണ് വിഭവങ്ങൾ ഒരുക്കിയത്. ഓരോന്നിന്റെയും പാചകകുറിപ്പും വിഭവങ്ങളോടൊപ്പം പ്രദർശിപ്പിച്ചിരുന്നു. അങ്കണവാടികളിൽ ലഭിക്കുന്ന സേവനങ്ങൾ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷക ആഹാരങ്ങൾ, എന്നിവയുടെ പ്രദർശനവും ബോധവത്ക്കരണ ക്ലാസുകളും വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പ്രദർശന മേള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, പഞ്ചായത്ത് അംഗങ്ങളായ രാജു കുട്ടപ്പൻ, കബീർ കാസിം, ഷെമീന അബ്ദുൾ കരീം, വി.കെ.കൃഷ്ണൻ, രേഖ പുഷ്പരാജ്, രാജി ചന്ദ്രശേഖരൻ, ഷേർലി ജോസുകുട്ടി, ശിശുവികസന പദ്ധതി ഓഫീസർ ജിഷ ജോസഫ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ബിന്ദു ബി.എ, പഞ്ചായത്ത് സെക്രട്ടറി പി എസ്. സെബാസ്റ്റ്യൻ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.