ഇടുക്കി: സ്വകാര്യ ഭൂമികളിലെ ശോഷിച്ചുവരുന്ന തടിയുൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും സർവ്വ സാധാരണമായി ഉൽപ്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനംവകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കിവരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകൾ നട്ടുവളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി.
തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായി, 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50രൂപ നിരക്കിലും, 201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10,000 രൂപ) 401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപ) ധനസഹായം നൽകും.പൂരിപ്പിച്ച അപേക്ഷ ഫോറം നവംബർ 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി, ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ലഭിക്കണം. അപേക്ഷാ ഫോറം വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232505.