തുടങ്ങനാട്: അമിത വേഗതയിലെത്തി മറ്റൊരു കാറിലിടിച്ച് അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. മുട്ടം - കരിങ്കുന്നം റോഡിലെ പഴയമറ്റം ഷാപ്പിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 7നും 7.15നും ഇടയിലാണ് സംഭവം. കരിങ്കുന്നത്ത് നിന്നും മുട്ടത്തിന് വന്ന സ്വിഫ്റ്റ് ഡിസയർ കാറിൽ എതിർ ദിശയിൽ നിന്നും അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഡിസയറിലുള്ളവർ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ അപകടമുണ്ടാക്കിയ കാർ വേഗത്തിൽ മുന്നോട്ടെടുത്ത് ഓടിച്ച് പോയി. തുടർന്ന് റിക്കവറി വാൻ വന്നാണ് ഡിസയർ കാർ സ്ഥലത്ത് നിന്നും നീക്കിയത്. പ്രദേശത്തെ സിസിടിവി ഉള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സിൽവർ മെറ്റാലിക് കളറിലുള്ള റിറ്റ്സ് എന്ന് തോന്നിക്കുന്ന കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ അമിത വേഗവും ഹെഡ്ലൈറ്റിൻ്റെ വെളിച്ചവും കാരണം അപകടമുണ്ടാക്കിയ കാറിൻ്റെ നമ്പർ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് കാർ യാത്രക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂന്നാഴ്ച മുമ്പ് കുടയത്തൂർ തെങ്ങുംപിള്ളിൽ കവലയ്ക്ക് സമീപം കാർ ഇടിച്ച് തേൻമാരി സ്വദേശിയായ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിന് ഇടയാക്കിയ കാറും നിർത്താതെ പോയി. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും കാർ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സംഭവത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിൽ തുടരുകയാണ്. സമാനമായ സംഭവം ഒരാഴ്ച മുമ്പ് ശരംകുത്തി ക്ഷേത്രത്തിന് സമീപവും ഉണ്ടായി. ഇവിടെയും ഇരുചക്രവാഹനയാത്രക്കാരനെ ഇടിച്ച കാർ നിർത്താതെ പോയി.