 വെള്ളക്കെട്ടായ റോഡ് കടക്കാൻ വള്ളം വേണമെന്ന് നാട്ടുകാർ

മണക്കാട്: കുഴികുത്തി പാതി വഴിയിൽ ഉപേക്ഷിച്ച് പി.ഡബ്ല്യ.ഡി കരാറുകാരൻ പോയിട്ട് ദിവസങ്ങൾ കഴി‌ഞ്ഞിട്ടും തിരിഞ്ഞു നോക്കാതായതോടെ കലുങ്കുമില്ല, ആകെയുള്ള റോഡും അപകടാവസ്ഥയിലായി. പുതുപ്പരിയാരം- വഴിത്തല റോഡിൽ സഹകരണ ബാങ്കിന് സമീപം കലുങ്ക് നിർമിക്കുന്നതിനായാണ് പൊതുമരാമത്ത് വിഭാഗം റോഡ് കുത്തിപൊളിച്ച് കുളമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ വെള്ളക്കെട്ടായി മാറിയ റോഡിൽ വള്ളംകളി നടത്തി. മഴ പെയ്താൽ ഈ ഭാഗത്തെ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവായിരുന്നു. ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ഇവിടെ കലുങ്ക് പണി ആരംഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് വളവിൽ കലുങ്ക് നിർമിച്ചാൽ റോഡിന് വീതി കുറയുമെന്ന കാര്യം പൊതുപ്രവർത്തകർ പി.ഡബ്ല്യു ഉദ്യോഗസ്ഥരെ ധരിപ്പിച്ചത്. ഇതിന് അൽപ്പം മാറി കലുങ്ക് പണിതാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ഇവർ ബോധ്യപ്പെടുത്തി. തുടർന്ന് ഇത് അംഗീകരിച്ച ഉദ്യോഗസ്ഥർ രണ്ടാഴ്ച കൊണ്ട് നിർമിച്ച കുഴി മണ്ണിട്ട് മൂടി സ്ഥലം വിട്ടു. പുതുമണ്ണിട്ട് കുഴി മൂടിയതിനാൽ ഇവിടം ചെളിക്കുളമായി മാറി. സമീപത്തുള്ള പറമ്പിൽ നിന്ന് റോഡിലൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്. മണ്ണ് ഉറയ്ക്കാത്തതിനാൽ വലിയ വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ റോഡിന്റെ അരിക് ഇടിയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിന്റെ കുറച്ചു ഭാഗം ഒലിച്ചു പോയിട്ടുണ്ട്. തുടർന്ന് പ്രശ്‌നത്തിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ടാണ് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളുമടക്കമുള്ള നാട്ടുകാർ പ്രതിഷേധിച്ചത്. ഉടൻ തന്നെ റോഡ് പുനഃസ്ഥാപിക്കുകയും കലുങ്ക് നിർമ്മിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധയോഗം പൊതുപ്രവർത്തകനായ എൻ.വി. സദാശിവൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. ഗിരീഷ്, ജിജോ മർക്കോസ്, പി.പി. രാജേഷ്, ലക്ഷ്മണൻ, സിബി തോമസ്, വിജോ വിജയൻ എന്നിവർ പ്രസംഗിച്ചു.