ഏഴ് നിയോജകമണ്ഡലങ്ങളിലായി 18,173 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് എം.വി.ഐ.പി കനാലുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ ജലമൊഴിച്ച് ലോകത്തുള്ള സകല മാലിന്യവും വനമേഖലയിൽ പോലുമില്ലാത്ത മരങ്ങൾ വരെ കനാലിലുണ്ട്. കനാലിലൂടെ വർഷത്തിൽ രണ്ട് മാസം പോലും ജലമൊഴുകുന്നില്ല. കനാലിനെ ആശ്രയിച്ച് കൃഷിയാരംഭിച്ചാൽ വെള്ളം ലഭിക്കാതെ വിളയുണങ്ങി കടക്കെണിയിലാകുന്ന സ്ഥിതിയാണ്. എല്ലാ വർഷവും വേനൽക്കാലത്ത് വെള്ലം തുറന്ന് വിടാനായി കർഷകർ നിവേദനവും അപേക്ഷയുമായി അധികൃതരുടെ പിന്നാലെ നടക്കേണ്ട ഗതികേടിലാണ്. ദീർഘനാളത്തെ നിർമാണപ്രവർത്തനങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം പദ്ധതി പൂർണമായി കമ്മിഷൻ ചെയ്തെങ്കിലും കനാലിന്റെ പ്രധാന ദൗത്യമായ ജലവിതരണം ഇതുവരെ കൃത്യമായി നടക്കുന്നില്ല.

സാധാരണ ഡിസംബർ മുതൽ കാലവർഷം ശക്തമാകുന്നത് വരേയോ മേയ് മാസം അവസാനം വരേയോ ആണ് രണ്ട് കനാലിലൂടെയും സാധാരണ വെള്ളം കടത്തി വിടുന്നത്. മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റെയും സ്വാഭാവികമായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റേയും അളവിന്റെ വ്യത്യാസത്തിനനുസരിച്ചാണ് രണ്ട് കനാലിലൂടെയും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് നിജപ്പെടുത്തുന്നത്. അണക്കെട്ടിൽ 39 മീറ്ററിന് മുകളിൽ വെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കിൽ അണക്കെട്ടിൽ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ് ഉയരണം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് പാലിക്കാറില്ല. ഈ വർഷം അറ്റകുറ്റപണിയുടെ പേര് പറഞ്ഞ് ഫെബ്രുവരിയിലാണ് കനാൽ തുറന്നത്. കനാൽ തുറക്കേണ്ട ഡിസംബർ മാസം തന്നെയാണ് അറ്റകുറ്റപണിയും ആരംഭിക്കുന്നത്. ഇത് മാസങ്ങൾ നീണ്ടുപോകും. ഫെബ്രുവരിയിൽ തുറന്നാൽ മേയ് അവസാനമാകുമ്പോഴേക്കും കാലവർഷമെത്തും. അപ്പോൾ തന്നെ കനാൽ പൂട്ടും. ഇതാണ് വർഷാവർഷം നടക്കുന്ന കലാപരിപാടി. ബാക്കിയുള്ള മാസങ്ങളിലെല്ലാം കാടുവളർത്തലും മാലിന്യനിക്ഷേപവും മുറയ്ക്ക് നടക്കും. ആരും ചോദിക്കാനും പറയാനുമില്ലാത്ത സ്ഥിതി.

കനാലിന്റെ അറ്റകുറ്റപ്പണിയിൽ വന്ന കാലതാമസവും ഇടുക്കി അണക്കെട്ടിലെ ഉത്പാദനം കുറച്ചതുമാണ് വെള്ളം തുറന്ന് വിടുന്നതിന് തടസമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

പതിനായിരങ്ങളുടെ ജീവനാഡി

കനാൽ ജലമാണ് സമീപ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ജലസ്രോതസുകളുടെയും കൃഷിഭൂമികളുടെയും ജീവനാഡി. നിരവധി ചെറുതും വലുതുമായ തോടുകൾ, കുളങ്ങൾ, പതിനായിരക്കണക്കിന് കിണറുകൾ എന്നിവയിലെല്ലാം കനാൽ തുറക്കുന്നതോടെയാണ് വെള്ളം എത്തുന്നത്. രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ലക്ഷക്കണക്കിന് ആളുകൾ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. വേനൽക്കാലത്ത് കുളിക്കുന്നതിനും മറ്റും കനാൽ ജലം ഉപയോഗിക്കാൻ സമീപ പഞ്ചായത്തുകളിൽ നിന്ന് പോലും ജനങ്ങളെത്താറുണ്ട്. കനാൽ തുറന്നുവിട്ടില്ലെങ്കിൽ വേനൽക്കാലത്ത് പലമേഖലകളിലും വാഹനങ്ങളിൽ കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.

പരാതിക്ക് പുല്ലുവില

എം.വി.ഐ.പി കനാലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മറുപടിയില്ലെന്ന് ആക്ഷേപം. ഇടവെട്ടി സ്വദേശിയായ അനൂപാണ് ജലവിഭവ മന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ ആറ് മാസത്തിലേറെയായെങ്കിലും ഒരു മറുപടി പോലും ലഭിച്ചില്ലെന്ന് അനൂപ് പറയുന്നു.

സാമൂഹ്യവിരുദ്ധരുടെ താവളം

മദ്യമയക്കുമരുന്ന് മാഫിയയുടെ വിഹാരകേന്ദ്രമായി എം.വി.ഐ.പി.യുടെ കനാലുകൾ മാറി. അക്വഡേറ്റ് പാലത്തിന് സമീപവും മറ്റ് ആൾതാമസമില്ലാത്ത സ്ഥലങ്ങളും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകളുടെ വിഹാരകേന്ദ്രമാണ്. 14ന് രാത്രി മണക്കാട് നെടിയശാല റോഡിൽ വട്ടത്തട്ടപ്പാറ കനാൽ ഭാഗത്ത് വട്ടക്കളം സിൽവർ ഹോംസ് ഉടമ ചാക്കോച്ചന്റെ വീടിന് നേരെ രണ്ട് തവണ ഒരു സംഘം മദ്യകുപ്പിയും കല്ലുമെറിഞ്ഞിരുന്നു. വീടിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ആരും വന്നില്ല.

10ന് പട്ടാപ്പകൽ ഓട്ടോറിക്ഷയിലെത്തിയ മൂവർ സംഘം കനാലിന് സമീപമുള്ള വീട് കുത്തിപൊളിക്കാൻ ശ്രമിച്ചിരുന്നു. അയൽവാസികളെത്തിയപ്പോൾ സംഘം സ്ഥലം വിട്ടു. നേരത്തെ രാത്രി കാലങ്ങളിൽ മദ്യലഹരിയിൽ തൊണ്ടിക്കുഴ കനാലിനടുത്തെ സ്‌കൂളിൽ കയറി നാശം വരുത്തിവെയ്ക്കുന്നത് പതിവായിരുന്നു. പൊലീസ് പരിശോധന ശക്തമായതോടെയാണ് ഇതിന് അൽപ്പം ശമനമുണ്ടായത്. കൊവിഡ് കാലത്ത് പരിശോധന കുറഞ്ഞത് മുതലെടുത്ത് വീണ്ടും സാമൂഹ്യവിരുദ്ധർ തലപൊക്കി. നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവർ വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കനാലിന് ഓരത്തുകൂടിയാണ്. ഇരുട്ടു വീണാൽ ഭയപ്പാടോടെയാണ് പലരും ഇതുവഴി സഞ്ചരിക്കുന്നത്.