മൂലമറ്റം: പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി വ്യാപകമായി പരാതി. സ്റ്റാൻറിലെ വെയിറ്റിഗ് ഷെഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരക്കാരുടെ അഴിഞ്ഞാട്ടം വ്യാപകമായത്. മദ്യപാനം, കഞ്ചാവ് കച്ചവടം, മദ്യപിച്ച ശേഷം മലമൂത്ര വിസർജനം നടത്തുക ഇതൊക്കെ പതിവ് സംഭവങ്ങളാവുകയാണ്. രാവിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ കട തുറക്കാൻ എത്തുമ്പോൾ തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. വെളളമൊഴിച്ച് കഴുകി കളയാതെ കട തുറക്കാൻ കഴിയുന്നില്ല. ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു. രാത്രി സമയങ്ങളിൽ പൊലീസിൻ്റെ പെട്രോളിംഗിൽ ബസ്സ് സ്റ്റാന്റും പരിസരവും കൂടി നിരീക്ഷണത്തിലാക്കണമെന്നും വ്യാപാരികൾ പറഞ്ഞു.