ഇടുക്കി: ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകാൻ അയ്യപ്പൻ കോവിലിൽ കയാക്കിങ് ഫെസ്റ്റിവൽ ആരംഭിച്ചു. നാളെഫെസ്റ്റിവൽ സമാപിക്കും. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഭരണകൂടം, ഡിടിപിസി, അയ്യപ്പൻ കോവിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്തുകൾ, കെഎസ്ഇബി, വനം വകുപ്പ് തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ പങ്കാളികൾ. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന കായിക വിനോദമാണിത്. ഒറ്റയ്ക്കും രണ്ടാൾ വീതവും സാഹസിക യാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആഘോഷ വേദിയായ അയ്യപ്പൻകോവിൽ തൂക്കു പാലത്തിന് സമീപം രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടാകും. കയാക്കിങ്ങിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ അയ്യപ്പൻ കോവിൽ കാഞ്ചിയാർ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇവിടെ നടപ്പിലാക്കും. കായിക വിനോദം ജില്ലയിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിൽ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ , കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ വിനോദ്,കാഞ്ചിയാർ പഞ്ചായത്ത് അംഗം സാലി ജോളി ഡിടിപിസി സെക്രട്ടറി ഗിരീഷ് പിഎസ്, എഎൽ ബാബു, വിജയമ്മ ജോസഫ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.