തൊടുപുഴ: വെങ്ങല്ലൂർ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് വിജയദശമി ദിനത്തിൽ പ്രത്യേക പൂജകളും വിദ്യാരംഭവും വഴിപാടുകളും നടത്തി. ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ പുസ്തകപൂജയും വിദ്യാരംഭചടങ്ങുകളും നടത്തി. ബെന്നിശാന്തിയും തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ വൈസ്ചെയർമാൻ ഡോ. കെ. സോമനും കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകി. ദേവസ്വം പ്രസിഡന്റ് ബാബു പാട്ടത്തിൽ, സെക്രട്ടറി സാജു ബാലകൃഷ്ണൻ, വെങ്ങല്ലൂർ ശാഖാ സെക്രട്ടറി പി. ആർ. ശശിതുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.