തൊടുപുഴ/ മൂലമറ്റം: ശനിയാഴ്ച രാവിലെ മുതൽ തകർത്ത് പെയ്യുന്ന മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതികൾ അറുതിയില്ല. ജില്ലയിൽ അറക്കുളം പഞ്ചായത്തിലാണ് ദുരിതമേറെയും പെയ്തിറങ്ങിയത്. ശനിയാഴ്ച രാവിലെ മുതൽ പെയ്ത മഴയെ തുടർന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി എത്തിയ മഴവെള്ളപ്പാച്ചലിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ ഏവരും. കാഞ്ഞാർ ഭാഗത്ത് കാർ ഒഴുക്കിൽപെട്ട് കൂത്താട്ടുകുളം സ്വദേശികളായ യുവാവിന്റേയും യുവതിയുടേയും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഹാര താണ്ഡവമായി കുത്തൊഴുക്കിൽ വലിയ പാറകളും കല്ലും ചെളിമണ്ണും ഒഴുകിയെത്തിയത് രാത്രി സമയത്തായിയിരുന്നെങ്കിൽ ഇതിലും രൗദ്രമായ മറ്റൊരു കാഴ്ചയായിരുന്നു കാണേണ്ടി വരിക. ശമനമില്ലാതെ ദുരിതമഴ പെയ്തിറങ്ങുന്ന താഴ് വാരം കോളനിയിലെ അവസ്ഥ ഏറെ ദയനീയമാണ്. ഏവർക്കും സമാനമായ അവസ്ഥയായതിനാൽ പരസ്പരം ആർക്കും സഹായിക്കാൻ കഴിയുന്നുമില്ല.

താഴ്‌വാരം കോളനി ഒറ്റപ്പെട്ടു

താഴ്‌വാരം കോളനിയുടെ സമീപത്തുള്ള പാലത്തിൽ വലിയ മരങ്ങളും അവശിഷ്ടങ്ങളും വന്ന് അടിഞ്ഞതോടെ കുത്തിഒഴുകിയ മലവെള്ളം പാലത്തിന്റെ മുകളിലൂടെ കോളനിയിലേക്ക് ഇരച്ചെത്തി. പ്രദേശവാസികൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കാൻ മാത്രമാണ് കഴിഞ്ഞത്. പ്രദേശത്ത് നിറുത്തി ഇട്ടിരുന്ന നാല് കാറുകൾ ഒഴുകിപ്പോയി. മറ്റൊരു കാറിന്റെ മുകളിലേക്ക് കൂറ്റൻ മരങ്ങളും ചപ്പ് ചവറുകളും വന്നടിഞ്ഞു. അനേകം ഇരുചക്രവാഹനങ്ങളും ഒലിച്ചുപോയി. ഇതിന്റെയെല്ലാം നഷ്ടം ഇത് വരെ തിട്ടപ്പെടുത്തിയിട്ടുമില്ല. പാലത്തിൽ അടിഞ്ഞ തടിയും മറ്റും പ്രദേശവാസികൾ ഇന്നലെ നീക്കം ചെയ്തു. താഴ് വാരം ഭാഗത്തുള്ള 35 ൽപരം കുടുബങ്ങളുടെ അവസ്ഥ ഏറെ ദുരിതമാണ്.

നഷ്ടം കണക്കുകൾക്കുമപ്പുറം

പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും മഴക്കെടുതി സർവനാശമാണ് വിതച്ചത്. ഉപയോഗിക്കാൻ കഴിയാത്ത വിധം പൂർണമായും ഭാഗികമായും നശിച്ച നൂറോളം വീടുകൾ. വീടിന്റെ മുറികളിലും അടുക്കളയിലും മുറ്റത്തും അടിഞ്ഞു കൂടിയ ചെളിക്കൂമ്പാരം, ഉപയോഗിക്കാൻ കഴിയാതെയും ഒഴുക്കിൽ അകപ്പെട്ടതുമായ അനേകരുടെ വീട്ടുപകരണങ്ങൾ. വീണ്ടെടുക്കാൻ കഴിയാതെ നശിച്ച റേഷൻ കാർഡ്, അധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, വസ്തു വകകളുടെ ആധാരം, സ്വർണ്ണാഭരണങ്ങൾ എന്നിങ്ങനെയും ദുരിതമഴ കവർന്നു.

കാർഷിക വിളകൾ ഒലിച്ചുപോയി

അനേകം ആളുകളുടെ റബ്ബർ, കപ്പ, കാപ്പി, കുരുമുളക്, വാഴ, തെങ്ങ്, ജാതി, മഞ്ഞൾ, ഇഞ്ചി എന്നിങ്ങനെ ഏക്കർ കണക്കിന് കാർഷിക വിളകളും കുത്തൊഴുക്കിൽ ചുവടോടെ ഒലിച്ച് പോയി.

പീരുമേട്ടിൽ റെക്കാഡ് മഴ

ജില്ലയിൽ ഏറ്റവും കുടുതൽ മഴ ശനിയാഴ്ച രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 292 മി.മി മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. ഇടുക്കി- 168 മി.മി, ദേവികുളം- 67.6 മി.മി, ഉടുമ്പൻചോല- 102.3 മി.മി, തൊടുപുഴ- 204 മി.മി എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്.