തൊടുപുഴ: എം.വി.ഐ.പി അധികൃതരുടെ അനാസ്ഥയുടെ ഉത്തമ ഉദാഹരണങ്ങളിലൊന്നാണ് പെരിയാമ്പ്ര അക്വഡേറ്റ് പാലം. അഞ്ച് വർഷത്തോളമായി ഈ പാലം ചോർന്നൊലിക്കാൻ തുടങ്ങിയിട്ട്. കനാലിലൂടെ വെള്ളം തുറന്ന് വിട്ടാൽ പാലത്തിന്റെ താഴ് ഭാഗത്തെല്ലാം വെള്ളക്കെട്ടാകും. പാലത്തിന്റെ തൂണുകളിലെല്ലാം കാടുംപടലും കയറി കോൺക്രീറ്റെല്ലാം ഇളകി ഏത് തകർച്ചയുടെ വക്കിലാണ്. ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകൾ ആഴ്ന്നിറങ്ങി പാലം അപകടാവസ്ഥയിലാണ്. പാലത്തിന് സമീപം നിരവധി വീടുകളുണ്ട്. ബലക്ഷയമുള്ള പാലം തകർന്ന് വീണാൽ ഈ കുടുംബങ്ങൾ അപകടത്തിലാകും. ചോർച്ച പരിഹരിക്കാനോ അപകടത്തിലായ പാലം സംരക്ഷിക്കാനോ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. രണ്ട് വർഷം മുമ്പ് പേരിന് ചോർച്ച പരിഹരിക്കാൻ എന്തോ ചെയ്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. പാലങ്ങളുടെ ബലക്ഷയം പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാർ നിരവധി തവണ എം.വി.ഐ.പി അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല. ഈ സമയത്ത് അക്വഡേറ്റിലെ അറ്റകുറ്റപ്പണി നടത്താവുന്നതാണ്. എന്നാൽ അതിനും വേണ്ടത്ര ഫണ്ടില്ലെന്നതാണ് ന്യായം.

എന്താണ് എം.വി.ഐ.പി കനാൽ

തൊടുപുഴയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മലങ്കര അണക്കെട്ടിൽ നിന്ന് ആരംഭിക്കുന്നതാണ് മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട്- എം.വി.ഐ.പി). മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്. 1975ൽ നിർമ്മാണം ആരംഭിച്ച ജലസേചന പദ്ധതി 1994ൽ ഭാഗികമായും 2020 ജൂലായിൽ പൂർണമായും കമ്മിഷൻ ചെയ്തു. കേന്ദ്രഫണ്ടടക്കം 1,082 കോടി രൂപയാണ് ഇതുവരെ ആകെ ചെലവായത്. പദ്ധതിയുടെ ഭാഗമായി ഇടത് കര,​ വലത് കര എന്നിങ്ങനെ രണ്ട് കനാലുകളാണുള്ളത്. ഇടതുകര കനാലിന് 37 കിലോ മീറ്ററും വലതുകരയ്ക്ക് 28 കിലോമീറ്ററും നീളമുണ്ട്. പെരുമറ്റം കൂടി കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, കൂത്താട്ടുകുളം, മണ്ണത്തൂർ, കടുത്തുരുത്തി,​ കടപ്പൂർ, ഏറ്റുമാനൂർ,​ കുറുമള്ളൂർ വരെയാണ് ഇടതുകര കനാൽ ഒഴുകുന്നത്. തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം,​ കല്ലൂർക്കാട്, ഏനാനെല്ലൂർ, ആനിക്കാട്, രണ്ടാറ്റിൻക്കര വഴി ഒഴുകുന്നതാണ് വലതുകര കനാൽ. ഇരു കനാലുകൾക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളം എത്തിക്കുന്നതിനായി നിരവധി ചെറു പോഷക കനാലുകളും ഉണ്ട്. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം എന്നീ നിയമസഭാ മണ്ഡലങ്ങളിലുള്ള ലക്ഷണക്കണക്കിന് ജനങ്ങൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. വേനൽക്കാലത്ത് ഈ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനടക്കം പരിഹാരം എം.വി.ഐ.പി കനാലായിരുന്നു. നിരവധി അക്വഡേറ്റുകളും ചെറുചാലുകളും നിറഞ്ഞതാണ് കനാൽ. മൂന്ന് കി.മീ ദൂരത്തിന് ഒരു മീ എന്ന കണക്കിനാണ് കനാലിന് താഴേക്ക് വെള്ളം ഒഴുകുന്നതിനായി സ്ളോപ്പ് ഉള്ളത്. ചിലയിടങ്ങളിൽ റോഡിന് മുകളിലൂടെ ഒഴുകുന്ന കനാൽ മറ്റിടങ്ങളിൽ 25 അടി വരെ റോഡ് നിരപ്പിൽ നിന്ന് താഴ്ചയിലും ഒഴുകുന്നുണ്ട്.