തൊടുപുഴ: രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ തൊടുപുഴ വെള്ളത്തിലായി. നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ വെള്ളമുയർന്നു. വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. തൊടുപുഴ- പാലാ, മൂലമറ്റം, മൂവാറ്റുപുഴ റോഡുകളിലെല്ലാം വെള്ളം കയറി. മൂലമറ്റം റോഡിൽ സെന്റ് മേരീസ് ആശുപത്രിയ്ക്കു സമീപം വെള്ളമുയർന്നു. പാലാ റോഡിൽ മണക്കാട് ജംഗ്ഷൻ മുതൽ മുനിസിപ്പൽ ബസ് സ്റ്റാന്റു വരെ വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വെള്ളം കയറിയതു മൂലം നഗരത്തിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. മണക്കാട് റോഡിലും വെള്ളം കയറി. മൂവാറ്റുപുഴ റോഡിൽ മൗണ്ട് സീനായി റോഡിന്റെ ഭാഗത്താണ് വെള്ളം കയറിയത്. മങ്ങാട്ടുകവല ഭാഗത്തും വെള്ളം കയറി ഗതാഗത തടസമുണ്ടായി. കാരിക്കോട് തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് കാരിക്കോട് മേഖലയിലെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. തോട് കരകവിഞ്ഞ് ഒഴുകിയതിനാൽ വെള്ളിയാമറ്റം,​ തെക്കുംഭാഗം റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളം കയറി. പലയിടത്തും വെള്ളം കയറി കൃഷിയും നശിച്ചു.

മലങ്കര അണക്കെട്ടു പൂർണമായും തുറക്കുകയും കനത്ത മഴ തുടരുകയും ചെയ്തതോടെ തൊടുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പുഴ കര കവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ തീര പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ള ആശുപത്രികളുടെ പാർക്കിംഗ് ഗ്രൗണ്ടിലുള്ള വാഹനങ്ങൾ നീക്കാൻ ഫയർഫോഴ്‌സ് നിർദേശം നൽകി. കാളിയാർ പുഴ കരകവിഞ്ഞൊഴുകി പാറപ്പുഴ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. തൊടുപുഴ താലൂക്കിൽ മാത്രം 35 വീടുകൾ ഭാഗികമായി തകർന്നു.

വീട് തകർന്നു

കനത്ത മഴയിൽ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് തകർന്നു. മറ്റൊരു വീട് അപകടാവസ്ഥിൽ. മാർത്തോമ്മ വലിയകണ്ടത്തിൽ ഭാർഗവി പ്രഭാകരന്റെ വീടാണ് തകർന്നത്. ശനിയാഴ്ച രാവിലെ 11.30ന് ആനകെട്ടിപറമ്പിൽ സലിമിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഭാർഗവിയുടെ വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. വീടിന് പിന്നിലെ ഭിത്തി തകർന്ന് മുറിക്കുള്ളിൽ കല്ലും മണ്ണും നിറഞ്ഞ നിലയിലാണ്. വീടിന് പിന്നിലെ മുറിയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. അപകടം സംഭവിച്ച രണ്ടു വീട്ടിലെയും തൊട്ടുചേർന്നുള്ള മാറ്റൊരു വീട്ടുകാരെയും വില്ലേജ് ആഫീസ് അധികൃതരെത്തി മാറ്റിപ്പാർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, മെമ്പർ ബിൻസി മാർട്ടിൻ, ബ്ലോക്ക് മെമ്പർ വി.കെ. അജിനാസ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരികൾ

തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി സംഘടനകൾ. തൊടുപുഴ നഗരത്തിൽ മഴക്കാർ കണ്ടാൽ കടകൾ അടച്ചുപൂട്ടേണ്ട ഗതികേടിലാണ് വ്യാപാരികൾ. എം.എൽ.എ ഫണ്ട് മുഖേന തൊടുപുഴയിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വസ്തുത. ചെറിയ മഴ പെയ്താൽ പോലും തൊടുപുഴ ശരിക്കും 'പുഴ' ആകുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന് വ്യാപാരി നേതാക്കൾ കുറ്റപ്പെടുത്തി. ഇന്നലത്തെ മഴയിൽ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, കേരള മർച്ചന്റ്‌സ് ഫോറം ചെയർമാൻ എം.എൻ. ബാബു, ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട്, കേരള സർക്കാർ ബിൽഡിങ് ലൈസൻസീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റ്യൻ, അജീവ് പി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.