 രണ്ട് മരണം  ഗതാഗതം താറുമാറായി  അമ്പതോളം വീടുകൾ തകർന്നു

തൊടുപുഴ: ജില്ലയിൽ രാവിലെ മുതൽ പെയ്ത അതിതീവ്ര മഴയിൽ ജില്ലയിൽ വ്യാപക നാശം. മലവെള്ളപാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ട് സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ചു. ഇടുക്കി- കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ കൊക്കയാർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ മാകോചി,​ പൂവഞ്ചി എന്നിവിടങ്ങളിൽ കുത്തൊഴുക്കിൽ നാല് വീടുകൾ ഒലിച്ചുപോയി. അഞ്ച് കുട്ടികളും രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. അമ്പതോളം വീടുകൾ തകർന്നു. വ്യാപകമായി കൃഷി നാശവുമുണ്ടായി. കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം ജില്ലയിൽ ഇന്നലെ ആദ്യം ഓറഞ്ച് അലർട്ടും ഉച്ചയോടെ റെഡും പുറപ്പെടുവിച്ചിരുന്നു. എന്നാൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച അതിശക്തമായ പെയ്ത്തിൽ ലോ റേഞ്ച് മേഖലയെയാണ് കൂടുതൽ ബാധിച്ചത്. തൊടുപുഴ നഗരം രാവിലെ മുതൽ വെള്ളത്തിലായി. റോഡുകളിലും മരംവീണും, മണ്ണിടിഞ്ഞും ഗതാഗതം തടസപ്പെട്ടു. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. മലങ്കര അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിട്ടതിനെ തുടർന്ന് തൊടുപുഴ,​ മൂവാറ്റുപുഴയാറിന്റെ തീര പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പെരിയാർ നദിയുടെ കരകളിലും വെള്ളംകയറി. ഉപ്പുതറ ചപ്പാത്തിലും, തൊമ്മൻകുത്ത് ചപ്പാത്തിലും വെള്ളം കയറി. കല്ലാർ, ചിന്നാർ പുഴകളുടെ കരകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

രാത്രിയാത്രയ്ക്ക് നിരോധനം

ജില്ലയിലേക്കുള്ള രാത്രി യാത്ര 20 വരെ ജില്ലാഭരണകൂടം നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കയാക്കിങ്, ബോട്ടിങ് തുടങ്ങിയവയും അടിയന്തരമായി നിർത്തിവയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. ഇതൊടൊപ്പം രാവിലെ തൊഴിലുറപ്പ് ജോലികളും നിറുത്താൻ കളക്ടർ നിർദേശം നൽകിയിരുന്നു. തോട്ടം മേഖലകളിൽ മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യതയുള്ളതിനാൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തി വയ്ച്ചു.

ഡാമുകൾ തുറക്കുന്നു

ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് ചെറിയ അണക്കെട്ടുകൾ തുറന്നു തുടങ്ങി. നിലവിൽ കുണ്ടള, മാട്ടുപ്പെട്ടി, പാബ്ല, കല്ലാർകുട്ടി, കല്ലാർ, മലങ്കര ഡാമുകൾ തുറന്നിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഇടുക്കി, മുല്ലപ്പെരിയാർ,പൊൻമുടി അണക്കെട്ടുകളിലും ജലനിരപ്പുയരുകയാണ്.

മൂന്നിടത്ത് ഉരുൾപൊട്ടൽ

കാഞ്ഞാർ കൂവപ്പള്ളി, തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം- കുമളി റോഡിൽ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. തുമ്പിച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു വീടുകളും തകർന്നിട്ടുണ്ട്. മലയിഞ്ചി ചേലകാട് മലയിലും മണ്ണിടിച്ചിലുണ്ടായി. മുട്ടം- തൊടുപുഴ റോഡിൽ ഒളമറ്റത്ത് റോഡിലേക്ക് വലിയ കല്ലുവീണു.

അതീവ ജാഗ്രത

നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കാൻ താലൂക്ക് തല ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അണക്കെട്ടുകളുടെ റൂൾ കെർവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും കെ.എസ്.ഇ.ബി, ഇറിഗേഷൻ, വാട്ടർ അതോറിട്ടി വകുപ്പുകൾക്ക് നിർദേശം നൽകി. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷണവും നടത്തും.
ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കും. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിക്കും.

മന്ത്രി സന്ദർശനം നടത്തി

കാഞ്ഞാറിലെയും മൂലമറ്റത്തെയും ദുരന്തബാധിത മേഖലകളിൽ മന്ത്രി റോഷി അഗസ്റ്റ്യൻ സന്ദർശനം നടത്തി. തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവുമൊപ്പമുണ്ടായിരുന്നു. വിവിധ വില്ലേജ് അധികൃതർ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.

മുന്നറിയിപ്പ് അവഗണിച്ച് ദുരന്തത്തിലേക്ക്

കാർ ഒഴുക്കിൽപ്പെട്ട് യുവാവും യുവതിയും അപകടത്തിൽപ്പെട്ടത് നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്ന്. കാർ ഓടിച്ചിരുന്ന കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണനും (30) ഒപ്പമുണ്ടായിരുന്ന കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ. വിജയനുമാണ് (32) മരിച്ചത്. ഇന്നലെ രാവിലെ 11.30ന് മൂലമറ്റത്തിന് സമീപം മൂന്നിങ്കവയലിലായിരുന്നു അപകടം. വാഗമൺ ഭാഗത്ത് നിന്ന് വന്ന കാർ മണപ്പാടി പാലത്തിലെ വെള്ളക്കെട്ട് കണ്ടതോടെ മൂന്നിങ്കവയൽ വഴി കാഞ്ഞാറിലേക്ക് വരാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. കാറിൽ ഇവർ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നിങ്കവയലിലെ ചപ്പാത്ത് കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കുത്തൊഴുക്കിൽപ്പെടുകയായിരുന്നു ഇരുവരും. ചപ്പാത്തിലേക്ക് കാർ ഇറക്കരുതെന്ന് ഇരുവരോടും മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ അത് വകവയ്ക്കാതെ ചപ്പാത്ത് കടന്ന് റോഡിലേക്ക് കയറുന്നതിനിടെ കാർ വെള്ളത്തിൽ നിന്നു. ഡോർ തുറന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വന്ന വെള്ളപ്പാച്ചിലിൽ കാറിനൊപ്പം ഇരുവരും ഒഴുക്കിൽ അകപ്പെടുകയായിരുന്നു. അപകടസ്ഥലത്തു നിന്ന് 500 മീറ്റർ അകലെ നിന്ന് നിമയുടെ മൃദേഹമാണ് ആദ്യം കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ നിഖിലിന്റെ മൃദേഹവും കണ്ടെടുത്തു. അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.