മുട്ടം: മുട്ടം, കുടയത്തൂർ, അറക്കുളം എന്നീ പഞ്ചായത്തുകളിൽ പരക്കെ നാശം വിതച്ച് മഴ. അറക്കുളം പഞ്ചായത്തിലെ ഇരുപതിലധികം വീടുകൾ പൂർണമായും നൂറിലധികം വീടുകൾ ഭാഗികമായും നശിച്ചു. മൂലമറ്റം ടൗണിനോട് ചോർന്നുള്ള തോടുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ടൗണിൽ മണിക്കൂറുകളോളം വെള്ളം നിറഞ്ഞു. മൂലമറ്റം മണപ്പാടി റോഡിലെ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പാലം ഒഴുകിപ്പോയി. ജലന്തർ സിറ്റിയിൽ മൂന്ന് വീടുകൾ പൂർണമായി തകർന്നു. തുമ്പിച്ചി മലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് തൊടുപുഴപുളിയന്മല സംസ്ഥാന പാതയിൽ മണിക്കൂറുകളോളം നേരം വാഹന ഗതാഗതം തടസപ്പെട്ടു. മൂലമറ്റം ജലന്തർ സിറ്റി, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇരുപതോളം വീടുകൾ പൂർണമായി തകർന്നു. നിരവധി വീടുകൾ ഭാഗികമായും തകർന്നു. താഴ്‌വാരം കോളനിയിൽ നാച്ചാറിന്റെ സമീപം 33 വീടുകൾക്ക് നാശം സംഭവിച്ചു. കാർ പോർച്ചിൽ കിടന്ന രണ്ടു കാറുകൾ ഒഴുകി മറ്റൊരു വീടിന്റെ മുറ്റത്തെത്തി. വീട്ടുമുറ്റത്ത് കിടന്ന ടൂ വീലറുകൾ മണ്ണിൽ മൂടിപ്പോയി. ആലിൻചുവട് മണ്ണിടിച്ചിലിൽ വൈദ്യുതി പോസ്റ്റ് നിലംപൊത്തി. മുട്ടം ചള്ളാവയലിൽ കൈത്തോട് കരകവിഞ്ഞ് മാക്കിൽ കോളനിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. കൂടാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെയും വെള്ളം കുത്തി ഒഴുകി. ഇടപ്പള്ളി ഭാഗത്ത് റോഡിലേക്ക് കല്ലും മണ്ണും നിറഞ്ഞ് ഇത് വഴിയുള്ള ഗതാഗഗതം സ്തംഭിച്ചു. പരപ്പാൻതോട് കരകവിഞ്ഞു തോട്ടുങ്കര ഭാഗത്ത് നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കോടതി ഭാഗത്ത് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ആഫീസിലേക്ക് പരപ്പാൻതോട്ടിൽ നിന്നുള്ള വെള്ളം കരകവിഞ്ഞു ഒഴുകിയെത്തി. ആഫീസിന്റെ ഏറ്റവും താഴെ പാർക്ക് ചെയ്തിരുന്ന കാർ ക്രെയ്ൻ ഉപയോഗിച്ച് മാറ്റി. വിജിലൻസ് ഓഫീസിലെ ജീവനക്കാരനായ കാറിന്റെ ഉടമ താക്കോലുമായി കോട്ടയം ആഫീസിലെ മീറ്റിംഗിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഒളമറ്റത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് പാറക്കഷ്ണം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. മൂലമറ്റം എ.എച്ച്.ഇ.പി സ്‌കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്.