തൊടുപുഴ: ദുരിത പെയ്ത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബി.ക്കുണ്ടായത് 42 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞും ലൈനുകൾ പൊട്ടിയും ട്രാൻസ്ഫോർമറുകൾക്ക് തകരാർ സംഭവിച്ചുമാണ് ഇത്രയും നഷ്ടം ഉണ്ടായിരിക്കുന്നത്. മൂലമറ്റം, ഉപ്പുതറ, പെരുവന്താനം മേഖലകളിലാണ് കൂടുതൽ നഷ്ടം. ആനചാരിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു ട്രാൻസ്ഫോർമർ ഒഴുകിപോയി. 11 കെ.വി ലൈനുകളുടെ 67 പോസ്റ്റുകളും ട്രാൻസ്ഫോർമറുകളിൽ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന എൽ.ടി ലൈനുകളുടെ 82 പോസ്റ്റും ഒടിഞ്ഞു. 11 കെ.വി ലൈനുകൾ ഏഴിടങ്ങളിലും എൽ.ടി ലൈനുകൾ 118 ഇടങ്ങളിലും പൊട്ടിവീണു. 68 ട്രാൻസ്ഫോർമറുകൾ തകരാറിലായി. ഇതിൽ 65 എണ്ണവും പെരുവന്താനം മേഖലയിലാണ്. ഈ മേഖലയിൽ രണ്ട് ദിവസമായി വൈദ്യുതിയില്ല. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ തകരാർ പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ്. ചൊവ്വാഴ്ചയോടെ എല്ലായിടത്തും വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാകുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ (തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ) ഡി. മനോജ് പറഞ്ഞു.