ഏറ്റവും വൃത്തിഹീനമായ ഒരു അഴുക്കുചാലിൽ ഉള്ളതിനേക്കാൾ മാലിന്യങ്ങളുണ്ടാകും മൂന്ന് ജില്ലകളിലെ പതിനായിരങ്ങൾ ജലത്തിനായി ആശ്രയിക്കുന്ന എം.വി.ഐ.പി കനാലിൽ. കൂട്ടിൽ കെട്ടിയ ഭക്ഷണാവശിഷ്ടങ്ങൾ മുതൽ ചത്ത എലിയും പട്ടിയും വരെ കനാലിലൂടെ ഒഴുകിയെത്താറുണ്ട്. ഇതുകൂടാതെ ടൺക്കണക്കിനു പ്ലാസ്റ്റിക്, അറവ് മാലിന്യം, ഉപേക്ഷിക്കപ്പെട്ട ഇലട്രോണിക് ഉപകരണങ്ങൾ, വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ, ഹോട്ടൽ ഭക്ഷണാവശിഷ്ടങ്ങൾ തുടങ്ങിയവ പലയിടത്തും കുമിഞ്ഞുകൂടിയ അവസ്ഥയിലാണ്. രാത്രിയുടെ മറവിൽ സുരക്ഷിതമായി മാലിന്യം നിക്ഷേപിക്കാവുന്ന കുപ്പതൊട്ടിയായാണ് പലരും ഇന്ന് കനാലുകളെ കാണുന്നത്. കനാലിൽ നിന്ന് കക്കൂസ് മാലിന്യം കണ്ടെത്തിയിട്ട് ഒരുപാട് നാളൊന്നുമായില്ല. അന്ന് സ്ഥലം സന്ദർശിക്കാൻ പോലും അധികാരികൾ തയ്യാറായിരുന്നില്ല. രാത്രി കാലങ്ങളിൽ ദൂരെ നിന്നുള്ളവർ പോലും ഇവിടെയെത്തി മാലിന്യം നിക്ഷേപിക്കും. പ്രധാനമായും ആൾത്താമസമില്ലാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധർ വൻതോതിൽ പ്ലാസ്റ്റിക്, പച്ചക്കറി, മത്സ്യ, മാംസ അറവുമാലിന്യങ്ങൾ തള്ളുന്നത്. ഇപ്പോൾ വെള്ളം തുറന്നുവിടാത്തതിനാൽ പലയിടത്തും മാലിന്യം കെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഷട്ടറുകളുടെയും പാലങ്ങളുടെയും കലുങ്കുകളുടെയും സമീപത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം അടിയുന്നത്. നാറ്റം കാരണം പലയിടത്തും കനാലിന് സമീപത്ത് കൂടി നടന്ന് പോകാൻ പോലും വയ്യാത്ത സ്ഥിതിയാണ്. ചീഞ്ഞളിഞ്ഞ അറവ് മാലിന്യങ്ങൾ കാക്കകൾ കൊത്തി വലിച്ച് സമീപത്തെ കിണറുകളിലും വീടിന്റെ പരിസരങ്ങളിലും മറ്റും ഇടുന്നതും പതിവാണ്. മാലിന്യം കെട്ടിക്കിടക്കുന്നത് നീരൊഴുക്കിനെയും ബാധിക്കുന്നുണ്ട്. സാധാരണക്കാർ കുളിക്കാനും വസ്ത്രം അലക്കാനും മറ്റും ഉപയോഗിക്കുന്ന ജലമാണിതെന്ന് ഓർക്കണം. നിരവധി കുടിവെള്ള പദ്ധതികളും കനാലിനെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. കനാലുകളോട് ചേർന്ന് താഴ്ത്തിയിരിക്കുന്ന കിണറുകളിൽ നിന്നുമാണ് കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതാണ് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുന്നത്. വേനൽക്കാലത്ത് കനാൽ തുറക്കുമ്പോൾ ഈ മാലിന്യം നിറഞ്ഞ വെള്ളം അലക്കാനും കുളിക്കാനും ഉപയോഗിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

വൃത്തിയാക്കൽ കണക്കാ...

കനാലിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിൽ ഒരു ശുഷ്കാന്തിയും എം.വി.ഐ.പിക്കില്ല. കഴിഞ്ഞ വർഷം കരാറുകാരൻ കനാലിൽ നിന്ന് വാരിയെടുത്ത ചെളിയും മാലിന്യങ്ങളും അതിന്റെ വശങ്ങളിൽ തന്നെയാണ് നിക്ഷേപിച്ചിരുന്നത്. മഴ പെയ്തപ്പോൾ അതെല്ലാം കനാലിലേക്കു തന്നെ വന്നടിഞ്ഞു. നേരത്തെ കനാൽ വൃത്തിയാക്കിയിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം വീണ്ടും പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിന് സർക്കാർതലത്തിൽ വേണ്ടത് ചെയ്യണം. ഇനിയെങ്കിലും കാടുവെട്ടി മാലിന്യം നീക്കിയില്ലെങ്കിൽ വെറും ഓടയേക്കാൾ കഷ്ടമായി കനാൽ മാറും.

ഗുരുതര ആരോഗ്യപ്രശ്നം

മണക്കാട് പഞ്ചായത്തിൽ എല്ലാവർഷവും വലിയ തോതിൽ ഹെപ്പറ്റൈറ്റിസ് എയും ബിയും റിപ്പോർട്ട് ചെയ്യാറുണ്ട്. മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമല്ലെങ്കിലും വൃത്തിഹീനമായ കനാൽ വെള്ളത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ പകരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ തന്നെ പറയുന്നു.

കനാലിലെ കെട്ടികിടക്കുന്ന മലിനജലം കൊതുകുകളുടെ പ്രജനനകേന്ദ്രവുമാണ്. ഇവിടെ നിന്ന് ഡെങ്കിയും എലിപ്പെനിയുമുൾപ്പെടെയുള്ള രോഗങ്ങളും പടർന്ന് പിടിക്കാം. കനാലിന് സമീപ പ്രദേശങ്ങളിൽ കഴിഞ്ഞ വേനൽക്കാലത്ത് ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തിരുന്നു.


വെള്ളത്തിലും തട്ടിപ്പ്
പണം വാങ്ങി സ്വകാര്യ വ്യക്തികൾ കുടിവെള്ളമെന്ന പേരിൽ മിനിലോറികളിലും ടൊമ്പോ ട്രാവലറുകളിലും ടാങ്കിൽ എത്തിക്കുന്നത് കനാലുകളിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണെന്ന് ആക്ഷേപമുണ്ട്. വേനൽക്കാലത്ത് കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ, അത് ശേഖരിച്ച് ജലക്ഷാമം രൂക്ഷമായ ഭാഗങ്ങളിൽ എത്തിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചത്. ആരോഗ്യവകുപ്പിന്റെ യാതൊരു വിധ പരിശോധനങ്ങളും നടത്താതെ ഇത്തരത്തിൽ കുടിവെള്ളമെന്ന വ്യാജേന വിതരണം നടത്തുന്നവരുടെ ലക്ഷ്യം സാമ്പത്തിക നേട്ടം മാത്രമാണ്.