മൂലമറ്റം: പ്രളയക്കെടുതിയെ തുടർന്നുള്ള രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ കാലിൽ ജനലിന്റെ ചില്ല് തുളച്ച് കയറിയതിനെ തുടർന്ന് കല്ലേപുളിക്കൽ സുമേഷിനെയാണ് (33) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച താഴ് വാരം കോളനി വെള്ളത്തിൽ മുങ്ങിയെന്നറിഞ്ഞ് അശോക ജംഗ്ഷനിലുള്ള തന്റെ കോഴിക്കട അടച്ചിട്ടാണ് സുമേഷ് രക്ഷപ്രവർത്തനത്തിൽ പങ്കാളിയായത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ അകപ്പെട്ട വീടുകളിൽ നിന്നും ആളുകളെ ചുമന്നു കൊണ്ട് പോകുന്നതിനിടെ കാലിന്റെ ഉപ്പൂറ്റിയിൽ ജനാലയുടെ ഗ്ലാസ് തുളഞ്ഞുകയറുകയായിരുന്നു. ഉപ്പൂറ്റിയിൽ നാൽപ്പതോളം തുന്നിക്കെട്ടുണ്ട്.സുമേഷിനൊപ്പം അനിൽകുമാർ, സുബിൻ,ബിബിൻ,ബഷീർ തുടങ്ങിയവരുമുണ്ടായിരുന്നു.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒന്നരമാസത്തോളം കോഴിക്കട അടച്ചിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നും മുക്തനായി കട തുറന്ന് രണ്ടാഴ്ച്ച പിന്നിട്ടപ്പോഴാണ് രക്ഷാപ്രവർത്തനത്തിറങ്ങിയത്.