തൊടുപുഴ: തൊടുപുഴ നഗരത്തിൽ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ പണമില്ലാതെ വലയുന്നവരുണ്ടോ, നിങ്ങൾക്ക് ഇതാ ഇവിടെനിന്നും സൗജന്യമായി ഭക്ഷണം ലഭിക്കും. തൊടുപുഴ മുൻസിപ്പൽ പാർക്കിന് മുന്നിൽ ബസ്കാത്തിരിപ്പ്കേന്ദ്രത്തിൽ സ്ഥാപിച്ച ഫുഡ് ഷെൽഫിൽനിന്നും ഭക്ഷണപ്പൊതി എടുത്ത് വിശപ്പകറ്റാം. ഫാദർ ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റും വൈ. എം. സി.യും ചേർന്ന് കേരളം മുഴുവൻ നടപ്പിലാക്കുന്ന വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് തൊടുപുഴയിലുംഫുഡ് ഷെൽഫ് സ്ഥാപിച്ചത്.
എല്ലാ ദിവസവും ഉച്ചയ്ക്ക്12മുതൽ2വരെയുള്ള സമയത്ത് ഷെൽഫിൽ ഭക്ഷണം എത്തിക്കും.വൈ. എം. സി. പ അംഗങ്ങളുടെയും സുമനുസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനം തൊടുപുഴ വൈ. എം. സി. എ പ്രസിഡന്റ് ഡോ. എലിയാസ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ നിർവഹിച്ചു.മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്,വാർഡ് കൗൺസിലർമാരായ ജയലക്ഷ്മി, അഡ്വ. ജോസഫ് ജോൺ,ആർ. ഹരി, തഹസിൽദാർ കെ പി ദീപ, ,ഡിവൈ. എസ്. പി കെ സദൻ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ രാജൻ തോമസ്,ജില്ലാ കോർഡിനേറ്റർ എം സി ജോയ് സെക്രട്ടറി ഡോ. ഷെറിജ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.