മുട്ടം: സർക്കാരിന്റെ ഭാഗ്യക്കുറി ടിക്കറ്റുകളുടെ നമ്പർ തിരുത്തി വൻ തട്ടിപ്പ്. മുട്ടം പ്രദേശത്ത് നടന്ന് ലോട്ടറി വില്പന നടത്തുന്ന ആളുകളെ സമീപിച്ച് പ്രൈസ് അടിച്ച ലോട്ടറി മാറി തരണമെന്ന് അപരിചിതരായ വ്യക്തികൾ പറയുകയും ഇത് വിശ്വസിച്ച് വില്പനക്കാർ പകരം ലോട്ടറി നൽകുകയും ചെയ്യും. എന്നാൽ വില്പനക്കാർ ലോട്ടറി മൊത്ത വ്യാപാര കച്ചവടക്കാരെ സമീപിച്ച് അപരിചിതർ നൽകിയ ലോട്ടറി മൊബൈൽ ഫോണിൽ സ്കാൻ ചെയ്തപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തിൽ ഇന്നലെ മാത്രം മുട്ടം, കുടയത്തൂർ മേഖലകളിൽ രണ്ട് തട്ടിപ്പാണ് നടന്നത്. ഇത് സംബന്ധിച്ച് വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോട്ടറിവിറ്റ് ഉപജീവനം കഴിക്കുന്ന സാധാരണക്കാരെ കബളിപ്പിക്കുന്നത് ഇത് ആദ്യ സംഭവമല്ല. ഏതാനും മാസം മുൻപ് മുട്ടം കോടതിക്കവലക്ക് സമീപം സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നു.