ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് വീണ്ടും വെള്ളമൊഴുകുന്നത് ചരിത്രത്തിലേക്ക്. ഇതിന് മുമ്പ് അഞ്ച് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നിട്ടുള്ളത്. 1981 ഒക്ടോബർ 29,​ 1992 ഒക്ടോബർ 12,​ 2018 ആഗസ്റ്റ് 9,​

2018 ഒക്ടോബർ 6 എന്നിങ്ങനെയായിരുന്നു അത്. 1981ൽ 11 ദിവസം ഷട്ടറുകൾ ഉയർത്തി 1221.222 മെട്രിക് ഘനയടി ജലം പെരിയാറിലേക്ക് ഒഴുക്കി. 1992 ൽ 13 ദിവസം ഷട്ടറുകൾ ഉയർത്തിയപ്പോൾ 2774.734 മെട്രിക് ഘനയടി വെള്ളം ഒഴുക്കിവിട്ടു. പിന്നീട് 26 വർഷങ്ങൾക്ക് ശേഷം മഹാപ്രളയത്തെ തുടർന്ന് 2018 ആഗസ്റ്റ് ഒമ്പതിനാണ് ഡാം തുറന്നത്. അന്ന് കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഷട്ടർ തുറക്കുന്നത് കാണാൻ കേരളം മുഴുവൻ കാത്തിരുന്നു. പ്രളയസമാന സാഹചര്യത്തിലും ആയിരങ്ങളാണ് ചെറുതോണിയിലേക്ക് ഒഴുകിയെത്തിയത്. അന്ന് ചെറുതോണി പാലം ഭാഗികമായി തകർന്നു. പെരിയാർ തീരത്തുള്ള മരങ്ങൾ കടപുഴകി,​ നിരവധി വീടുകളിൽ വെള്ളം കയറി,​ നിരവധി ചെറുപാലങ്ങൾ തകർന്നു. എറണാകുളം ജില്ലയിലടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. സെപ്തംബർ ഏഴിനാണ് ഷട്ടറുകൾ താഴ്ത്തിയത്. പിന്നീട് ശക്തമായ മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്നും മുല്ലപ്പെരിയാർ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലുമാണ് രണ്ട് മാസങ്ങൾക്ക് ശേഷം ഒക്ടോബർ ആറിന് ഡാമിന്റെ ഒരു ഷട്ടർ തുറന്നത്. തൊട്ടടുത്ത ദിവസം കാലാവസ്ഥാ മുന്നറിയിപ്പ് പിൻവലിച്ചതോടെ അണക്കെട്ട് അടച്ചു. അന്ന് കാര്യമായ നാശനഷ്ടമുണ്ടായില്ല.

മൂന്ന് ഡാമുകൾ

1976 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്ത ഇടുക്കി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ആർച്ച് ഡാമാണ്. പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. ഇതിൽ ചെറുതോണി അണക്കെട്ടിനാണ് ഷട്ടറുകൾ ഉള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്.

64 കുടുംബങ്ങളെ മാറ്റും

ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടുക്കി താലൂക്കിലെ അഞ്ച് വില്ലേജുകളിലായി 64 കുടുംബങ്ങളിലായി 222 പേരെ മാറ്റി പാർപ്പിക്കും. തങ്കമണി വില്ലേജിൽ എട്ട് കുടുംബങ്ങളിലായി 21 പേരെയും ഉപ്പുതോട് അഞ്ച് കുടുംബങ്ങളിലായി 15 പേരെയും, വാത്തിക്കുടിയിൽ നാല് കുടുംബങ്ങളിലായി 15 പേരെയും കഞ്ഞിക്കുഴി എട്ട് കുടുംബങ്ങളിലായി 36 പേരെയും ഇടുക്കിയിൽ 39 കുടുംബങ്ങളിലായി 136 പേരെയുമാണ് മാറ്റി പാർപ്പിക്കുക. ഫയർ ഫോഴ്‌സ്, പൊലീസ്, റവന്യു വകുപ്പുകളും സജ്ജമാണ്. മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ഡാം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ക്യാമ്പുകൾ തുറക്കുന്നതിനായി പ്രദേശത്തെ സ്‌കുളുകളും കെട്ടിടങ്ങളും ഏറ്റെടുത്തു.