ഇടുക്കി: മെഡിക്കൽ കോളേജിൽ നവംബർ ഒന്നിന് ഐ.പി തുറക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ ബ്ലോക്കിൽ സർജറി, ഓർത്തോപീഡിയോളജി ഒ.പി വിഭാഗവും ആരംഭിക്കും. നിലവിൽ ഓഫ്തൽമോളജി, ഡെർമറ്റോളജി ഒ.പി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേ ഇവയുടെ ഐ.പി വിഭാഗവും ആരംഭിക്കും. ക്യാൻസർ സ്‌ക്രീനിംഗ് സെന്റർ, എമർജൻസി മെഡിസിൻ യൂണിറ്റ് തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായി വരുന്നു. പുതിയ ബ്ലോക്കിലെ സങ്കേതിക നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കരാറുകരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ, എച്ച്.എം.സി അംഗങ്ങളായ സി.വി. വർഗീസ്, ഷിജോ തടത്തിൽ, ആർ.എം.ഒ ഡോ. അരുൺ തുടങ്ങിയവർ പങ്കെടുത്തു.