പീരുമേട്: കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ഏഴു പേരുടെയും മൃതദേഹം കണ്ടെത്തി. പഞ്ചായത്ത് ആഫീസിനു സമീപത്ത് നിന്ന് കാണാതായ ആൻസിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കൊക്കയാർ പൂവഞ്ചി സ്വദേശി ഷാഹുലിന്റെ മകൻ മൂന്നര വയസുകാരൻ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11.15ന് രക്ഷാപ്രവർത്തകർ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തത്. കുട്ടി ഓട്ടോറിക്ഷയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന പ്രചാരണമാണ് ഇന്നലെ സച്ചുവിനെ കണ്ടെത്താൻ കഴിയാതെ വന്നതിനു കാരണമായത്. വീട്ടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്ന് വൈകുന്നേരത്തോടെയാണ് സ്ഥിരീകരിച്ചത്. അപ്പോൾ തന്നെ ഡോഗ് സ്‌ക്വാഡ് അടക്കം തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല.

വീടിനു സമീപം കേന്ദ്രീകരിച്ചാണ് ഇന്നലെ കൂടുതൽ തെരച്ചിൽനടത്തിയത്. ഫയർഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, പൊലീസ്, റവന്യൂ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവർ തിരച്ചിലിൽ പങ്കാളികളായി. വീടിനുള്ളിൽ നിന്ന് പുറത്തെടുത്ത സാധനങ്ങൾ ഒന്നൊന്നായി സംഘം അരിച്ചു പെറുക്കി. അൻസിയെ കണ്ടെത്താനായി രാവിലെ മുതൽ വിവിധ സംഘങ്ങൾ നദിയുടെ കരയിൽ പരിശോധന നടത്തുന്നുണ്ട്. അപകടത്തിൽ ഇന്നലെ കണ്ടെത്തിയതിൽ അഞ്ചുപേരെ കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സംസ്‌കരിച്ചു. ഇവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അർദ്ധരാത്രിയിലും വൻ ജനാവലിയുണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്ന് കണ്ടെത്തിയ ഷാജിയുടെ മൃതദേഹം കൊക്കയാർ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. വീട് നഷ്ടപ്പെട്ട പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്‌.