തൊടുപുഴ : നഗരത്തിലെ വെള്ളകെട്ട് പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചെറിയ മഴയത്തുപോലും തൊടുപുഴയിലെ മിക്ക റോഡുകളിലും കച്ചവടസ്ഥാപനങ്ങളിലും വെള്ളം കയറി വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തെ പുളിമൂട്ടിൽ പ്ലാസയ്ക്ക് സമീപമുള്ള വെള്ളകെട്ടിന് പ്രധാന കാരണം ഓടയ്ക്ക് കുറുകെ ബീമുകൾ നിൽകുന്നതിനാലാണ്.ഈ ബീമിൽ വേസ്റ്റുകൾ വന്നു അടിയുകയും വെള്ളം റോഡിലേക്ക് ഒഴുകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ ബീമുകൾ പൊളിച്ചു നീക്കാൻ കെട്ടിട ഉടമ തയ്യാറാണ്. ഇതിനു വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ തൊടുപുഴ നഗരസഭ അധികൃതരെ അറിയിച്ചു.

വെള്ളം കയറാൻ ഉണ്ടായ സാഹചര്യങ്ങൾ അസോസിയേഷൻ പ്രസിഡന്റ് രാജുതരണിയിലിന്റെയും ജനറൽ സെക്രട്ടറി നാസർ സൈരയുടെയും നേതൃത്വത്തിൽ അസോസിയേഷൻ ഭാരവാഹികൾ മുനിസിപ്പൽ ചെയർമാൻ . സനീഷ് ജോർജിനെയും ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തി.ഓടയിലെ തടസങ്ങൾ നീക്കി ഓടയ്ക്ക് മതിയായ വീതി കൂട്ടണമെന്നും തൊടുപുഴയ്ക്കായി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ വെള്ളകെട്ട് പരിഹരിക്കുന്നതിനുള്ള സത്വര നടപടികൾ കൈകൊള്ളണമെന്ന് അധികാരികളോട് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.