ഇടുക്കി: കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ്പിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ പശു, എരുമ, കാള,പോത്ത്, കിടാക്കൾ എന്നിവയുടെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നു. പ്രജനനം, പോഷണം, ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങളാണ് രേഖപ്പെടുത്തുന്നത്. കുളമ്പുരോഗ പ്രതിരോധ മരുന്നുകൾ നൽകുന്നതിനായി വീടുകളിൽ എത്തുമ്പോൾ എല്ലാ കാലികൾക്കും ചെവിയിൽ ടാഗ് ഘടിപ്പിക്കണം. ടാഗിലെ തിരിച്ചറിയൽ നമ്പർ അടിസ്ഥാനമാക്കിയാണ് ഓൺലൈൻ രേഖപ്പെടുത്തലുകൾ പൂർത്തിയാക്കുക.കേന്ദ്ര -സംസ്ഥാന സർക്കാരിൽ നിന്ന് ലഭ്യമാകുന്ന വിവിധ സഹായങ്ങൾക്ക് ഇത് നിർബന്ധമാണ്.
നാലുമാസത്തിൽ താഴെയുള്ള കിടാക്കൾ, ഗർഭധാരണത്തിന്റെ അവസാനത്രൈമാസ ഘട്ടങ്ങളിലെത്തിയവ, രോഗം ബാധിച്ചവ, കഴിഞ്ഞ ആഗസ്റ്റ് ആറിനുശേഷം പ്രതിരോധകുത്തിവയ്‌പ്പെടുത്തവ എന്നീ വിഭാഗങ്ങളൊഴിച്ച് ബാക്കിയുള്ളവയെല്ലാം പ്രതിരോധകുത്തിവയ്പിന് വിധേയമാക്കേണ്ടതുണ്ട്.
കാലികളുടെ വിവരങ്ങൽ രേഖപ്പെടുത്തുകയുംടാഗിംഗ് നടത്തുകയും പ്രതിരോധകുത്തിവയ്പ് എടുക്കുകയും ബയോമെഡിക്കൽ അവശിഷ്ടങ്ങൾ കൃത്യമായ സംവിധാനത്തിലൂടെ നിർമ്മാർജ്ജനം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുകയും ഓൺലൈൻ രേഖപ്പെടുത്തലുകൾ എന്നിവ മൃഗസംരക്ഷണവകുപ്പിലെ സ്‌ക്വാഡുകൾ ഓരോ ദിവസവും നിർവ്വഹിക്കുമെന്ന് നോഡൽ ഓഫീസറായ ജില്ലാ കോർഡിനേറ്റർ ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.