ചെറുതോണി: 'നല്ല തണുപ്പിൽ നൂലുമഴയുടെ അകമ്പടിയോടെ ചെറുതോണി ഡാമിന്റെ ഷട്ടറിൽ നിന്ന് നുരഞ്ഞ് പതഞ്ഞൊഴുകിയെത്തിയ ജലം താഴെ പതിച്ച് അന്തരീക്ഷമാകെ ഒരു പുകപടലം തീർത്തു. കരഘോഷത്തോടെ ജനം അത് കണ്ടാസ്വദിച്ചു"

ഓർമകൾ ഒളിമങ്ങിയിട്ടില്ല,​ ഈ ഹോമിയോ ഡോക്ടർക്ക്. 1981 ഒക്ടടോബർ 23ന് ആദ്യമായി ചെറുതോണി അണക്കെട്ട് തുറക്കുന്നത് ഇന്നലെയെന്ന പോലെ ഡോ. പി.സി. രവീന്ദ്രനാഥ് (86)​ ഓർത്തെടുക്കുന്നു. അന്ന് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പേരാണ് ചരിത്രത്തിലാദ്യമായി ഡാം തുറക്കുന്ന കാഴ്ചകാണാൻ മല കയറി ഇടുക്കിയിലെത്തിയത്. ഇന്നത്തെ ഇടുക്കിയല്ല അന്ന്. രണ്ടോ മൂന്നോ കെട്ടിടങ്ങൾ മാത്രം. പുഴയുടെ തീരത്തൊന്നും ഒരു കെട്ടിടം പോലുമില്ല. ചെറുതോണി പാലത്തെ അണക്കെട്ടിലെ ജലം തൊട്ടുരുമ്മി പോയത് ഇന്നും വ്യക്തമായി ഡോക്ടർ ഓർക്കുന്നു. പിന്നീട് 1992 ഒക്‌ടോബർ 12ന് രണ്ടാമത് അണക്കെട്ട് തുറന്നെങ്കിലും ആദ്യത്തേതുപോലെയുള്ള ആഘോഷമുണ്ടായിരുന്നില്ല. പ്രായത്തിന്റെ അസ്വസ്ഥതകൾ അലട്ടുന്നതിനാൽ ഇത്തവണ ചെറുതോണി പാലത്തിൽ അണക്കെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാണാനാണ് അദ്ദേഹം നിന്നത്. 1961ൽ കൽക്കട്ട ഹോമിയോപതിക് മെഡിക്കൽ കോളേജിൽ നിന്ന് ഡി.എം.എസ്. നേടിയതിനുശേഷം ജോലി സംബന്ധമായ കാര്യങ്ങൾക്കാണ് രവീന്ദ്രനാഥ് ഇടുക്കിയിലെത്തിയത്.