മുട്ടം: പ്രളയവും മണ്ണിലിടിച്ചിലും മഴവെള്ളപ്പാച്ചിലും മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രതിരോധിക്കുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനും വേണ്ടി പ്രതിരോധ സേനയെ സജ്ജമാക്കി മുട്ടം ഗ്രാമ പഞ്ചായത്ത്. ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ നിരീക്ഷണത്തെത്തുടർന്നാണ് അടിയന്തിര യോഗം ചേർന്നത്. കഴിഞ്ഞ ദിവസത്തെ മഴയിൽ മുട്ടം പ്രദേശത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കും ഉണ്ടായിരുന്നു.കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്.ഇവയെ പ്രതിരോധിക്കാൻ സർക്കാർ സംവിധാനത്തിന് പുറമെ സന്നദ്ധരായ നാട്ടുകാരുടെ കൂടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. മുട്ടം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, റവന്യു, അഗ്നി ശമനസേനാ, പൊലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സംയുക്തദുരന്ത നിവാരണ യോഗം ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ചു.വില്ലേജ് ഓഫീസർ നിഷ, എസ് .ഐ മുഹമ്മദാലി എന്നിവർ സംസാരിച്ചു. ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ രാജൻ പരിശീലന ക്ലാസിന് നേതൃത്വം നൽകി.