കൂസലില്ലാതെ ചെറുതോണിക്കാർ
ചെറുതോണി: സമയം, രാവിലെ ഒമ്പതര. ചെറുതോണി ടൗണും പരിസരവും ശാന്തം. തെളിഞ്ഞ കാലാവസ്ഥ. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാം തുറക്കുന്നതിന്റെ ആകാംഷയൊന്നും ദൃശ്യമല്ല. ഇടയ്ക്കിടെ വന്ന് കടന്നുപോകുന്ന മൈക്ക് അനൗൺസ്‌മെന്റ് മാത്രം ഡാം തുറക്കുന്ന കാര്യം ഓർമിപ്പിക്കുന്നു. പത്ത് മണിയോടെ ടൗണിൽ തിരക്കായി. ഡാമിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് കാവലുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ അണക്കെട്ട് തുറന്നപ്പോൾ നാശനഷ്ടങ്ങൾ സംഭവിച്ചവർ പോലും ഒന്നും സംഭവിക്കില്ലെന്ന ഭാവത്തിലായിരുന്നു. ഇതിനിടയിൽ പുതിയ ചെറുതോണി പാലത്തിന്റെ നിർമാണ സാമഗ്രഹികൾ മുഴുവൻ മാറ്റുന്നതിന്റെ തിരക്കിലുള്ള തൊഴിലാളികളെയും കാണാമായിരുന്നു.
സമയം 10.49
അണക്കെട്ടിന്റെ ആദ്യ ഷട്ടർ തുറക്കുന്നതിനുള്ള സൈറൺ ചെറുതോണിയാകെ മുഴങ്ങി. അപ്പോഴേക്കും മെഡിക്കൽ കോളേജിന് അരികിലൂടെ ശ്രീ വിദ്യാധിരാജ വിദ്യാ സദൻ സ്കൂളിന്റെ ഗേറ്റിന് മുന്നിൽ ഡാം കാണാനായെത്തുന്ന തിരക്കായി. പൊലീസ് ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാദ്ധ്യമപ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയുമല്ലാതെ ആരെയും അണക്കെട്ടിന്റെ ഭാഗത്തേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല. 10.59 ന്റെ മൂന്നാമത്തെ സൈറണോടെ അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടർ തുറന്ന് പാൽനുരയായി വെള്ളം പതഞ്ഞൊഴുകി വെള്ളം പുറത്തേയ്ക്ക് കുതിച്ചു. എല്ലാവരും മൊബൈലിൽ ചിത്രം പകർത്തുന്നതിന്റെ തിരക്കിലായിരുന്നു. ചിലര് വെള്ളത്തിന്റെ ഒഴുക്കിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
ചെറുതോണി പാലത്തിൽ നിന്നവർ അണക്കെട്ടിന് സമീപത്ത് നിന്നവരെ ഫോണിൽ വിളിച്ച് പലരും വെള്ളം ഒഴുകി തുടങ്ങിയോയെന്ന് തിരക്കി. 26 മിനിറ്റോളം നീണ്ട കാത്തിരപ്പിനൊടുവിലാണ് ചെറുതോണി പാലത്തെ തൊട്ട് അണക്കെട്ടിലെ വെള്ളം കുതിച്ച് പാഞ്ഞത്. തുടർന്ന് ഉദ്യോഗസ്ഥർ ചെറുതോണി പാലത്തിലെത്തി വെള്ളത്തിന്റെ ഒഴുക്കും ഉയർച്ചയും കൃത്യമായി നീരീക്ഷിച്ചു. 11.59ന് നാലാമത്തെ ഷട്ടറും 12.30ന് രണ്ടാമത്തെ ഷട്ടറും തുറന്നു. കുതിച്ചെത്തിയ വെള്ളം ചെറുതോണി പാലത്തിന്റെ നിർമാണ സാമഗ്രഹികൾക്ക് ചെറിയ നാശങ്ങൾ വരുത്തി കടന്ന് പോയി. വെള്ളം ഒരു പരിധിയ്ക്കപ്പുറം ഉയരില്ലെന്നുറപ്പായതോടെ ചെറുതോണി ടൗണിൽ കാര്യങ്ങളെല്ലാം സാധാരണ ഗതിയിലേയ്ക്ക് മാറി. പിന്നെ പലരും അണക്കെട്ട് തുറന്നതുപോലും കാര്യമാക്കാതെ ചെറുതോണി പാലത്തിലൂടെ നടന്നു നീങ്ങുന്നതാണ് കാണാന് കഴിഞ്ഞത്. എന്നാൽ മൂന്ന് ഷട്ടറുകളും തുറന്നതോടെ അണക്കെട്ടിന് സമീപത്ത് നിന്ന് ചിത്രം പകർത്താൻ പ്രദേശവാസികളും വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിയവരും ആവേശത്തോടെ തടിച്ച് കൂടിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഏറെ പണിപ്പെട്ടാണ് തിരക്കൊഴിവാക്കിയത്. പലരും സാമൂഹിക മാധ്യമങ്ങളിൽ ലൈവിട്ടാണ് അണക്കെട്ടിന്റെ ഷട്ടർ തുറക്കൽ ആഘോഷമാക്കിയത്.