ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിലേക്ക് അതിവേഗം എത്തിച്ചത് കൊവിഡ് മഹാമാരി. ഏപ്രിൽ, മേയ് മാസത്തിൽ ലോക്ക്ഡൗണും ഇടവിട്ടെത്തിയ മഴയും മൂലം വൈദ്യുതി ഉപഭോഗം കുത്തനെ കുറഞ്ഞതാണ് ജലശേഖരം കാലവർഷത്തിന്റെ ആരംഭം മുതൽ ഉയർന്ന് നിൽക്കാൻ കാരണമായത്. സാധാരണയായി വേനൽക്കാലത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇത്തവണ വേണ്ടി വന്നില്ല. സാധാരണ 25- 30% ജലം മാത്രമാണ് കാലവർഷ ആരംഭത്തിൽ ഇടുക്കിയിൽ അവശേഷിക്കുക. ഇത് 15% വരെ പോയ വർഷങ്ങളുമുണ്ട്. ഫെബ്രുവരിയിലും മാർച്ചിലും ശക്തമായ വെയിൽ ലഭിച്ചതിനാൽ ഉത്പാദനം കൂടി നിന്നു. പിന്നാലെ എത്തിയ വേനൽമഴ ഉപഭോഗം കാര്യമായി തന്നെ കുറച്ചു. കരാർ പ്രകാരമുള്ള പുറം വൈദ്യുതി വാങ്ങിയ ശേഷം സംസ്ഥാനത്ത് നിന്ന് കാര്യമായ ഉത്പാദനം ആ സമയത്ത് വേണ്ടി വന്നതുമില്ല. മേയ് മാസത്തിൽ തന്നെ ശരാശരി 35% വെള്ളം സംഭരണികളിലുണ്ടായിരുന്നു. ജൂൺ ഒന്നിന് 36 ശതമാനമായിരുന്നു ജലനിരപ്പ്. ജൂലായ് ആദ്യം ഇത് 49ലും ആഗസ്റ്റ് ഒന്നിന് 65 ശതമാനത്തിലുമെത്തി. സെപ്തംബർ ഒന്നിന് 70 ശതമാനവും ഈ മാസം ആദ്യം 82 ശതമാനവും പിന്നിട്ടു. ഈ മാസം മാത്രം കനത്തമഴയിൽ 20 ശതമാനത്തിലധികം വർദ്ധന ഉണ്ടായി. കാലവർഷത്തിന്റെ ആദ്യഘട്ടങ്ങളിൽ എല്ലാം ഇടുക്കിയിൽ മഴ കാര്യമായി തന്നെ കുറഞ്ഞപ്പോഴും ജലനിരപ്പ് കൂടി വന്നതും ഇത്തവണത്തെ മാത്രം പ്രത്യേകതയാണ്. ജൂൺ മാസത്തിൽ മഴയിൽ 26 ശതമാനത്തിന്റെ കുറവുണ്ടായി. ജൂലൈയിൽ 16, ആഗസ്റ്റിൽ 21, സപ്തംബറിൽ 10 ശതമാനവും മഴ കുറവായിരുന്നു. അതേസമയം ഒക്ടോബറിൽ അപ്രതീക്ഷിതമായി ഇതുവരെ മാത്രം ഇരട്ടിയിലധികം മഴ ലഭിക്കുകയും ചെയ്തു.

കാര്യമായി ഉത്പാദനം കൂട്ടിയില്ല

ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പോലും വൈദ്യുതി ഉത്പാദനം കാര്യമായി കൂട്ടാൻ കെ.എസ്.ഇ.ബി അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസം മാത്രമാണ് കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്നറിഞ്ഞതോടെ 10 മില്യൺ യൂണിറ്റിന് മുകളിലേക്ക് ഉത്പാദനം ഉയർത്തിയത്. ആകെ ആറ് ജനറേറ്ററുള്ള ഇടുക്കിയിൽ 18.72 മില്യൺ യൂണിറ്റാണ് ഉത്പാദനം ശേഷി. ഇതിൽ ഒരു ജനറേറ്റർ 1.5 മാസത്തോളമായി തകരാറിനെ തുടർന്ന് അറ്റകുറ്റപണിയിലുമാണ്.